photo
കൊട്ടാരക്കര തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ക്ഷേത്രം

കൊല്ലം: കാലം കടന്നുപോയെങ്കിലും മഹാത്മാ ഗാന്ധിയുടെ സന്ദർശനം കൊട്ടാരക്കര തൃക്കണ്ണമംഗൽ ദേശക്കാർ മറക്കില്ല. കടലായ് മഠത്തിന്റെ വകയായുള്ള ക്ഷേത്രത്തിൽ ദളിതനെയും ഈഴവനെയും ചേർത്തുനിറുത്തിയ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ധന്യത ഇപ്പോഴും നാടിനുണ്ട്.

1937 ജനുവരി 21നായിരുന്നു ഗാന്ധിജിയുടെ സന്ദർശനവും ക്ഷേത്ര പ്രവേശന വിളംബരവും. 'ഈ ക്ഷേത്രം തുറന്നുകൊടുക്കുന്നതിന് എന്നെ ക്ഷണിച്ചത് എനിക്ക് ആഹ്ളാദം ഉളവാക്കുന്നു. നമ്മുടെ സ്നേഹിതനായ കെ.എം.എം. നാരായണൻ നമ്പൂതിരിപ്പാട് എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾക്ക് പാത്രമാണ്. അദ്ദേഹത്തെ അനുമോദിക്കുന്ന കാര്യത്തിൽ നിങ്ങൾ എന്നോടൊപ്പം പങ്കുചേരുമെന്ന് ഞാൻ ആഗ്രഹിക്കുന്നു."- ഗാന്ധിജിയുടെ ഈ വാക്കുകൾ കേൾക്കാൻ അന്ന് തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു.

തൃക്കണ്ണമംഗൽ കടലായ് മഠത്തിലെ നാരായണൻ നമ്പൂതിരിപ്പാടിന്റെ ക്ഷണം സ്വീകരിച്ചാണ് ഗാന്ധിജിയെത്തി എല്ലാ വിഭാഗങ്ങൾക്കുമായി ക്ഷേത്രം തുറന്നുകൊടുത്തത്.

സ്വാതന്ത്ര്യ വാദിയായിരുന്ന നമ്പൂതിരി 1936 ലെ തിരുവിതാംകൂർ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ആവേശത്തിലാണ് മനയുടെ ഉടമസ്ഥതയിലുള്ള പതിനെട്ട് ക്ഷേത്രങ്ങൾ എല്ലാവർക്കുമായി തുറക്കാൻ തീരുമാനിച്ചത്. അതിനായി ഗാന്ധിജിയെ ക്ഷണിച്ചപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമായി.

ഗാന്ധിജിയുടെ കേരളത്തിലെ അവസാനത്തെ പൊതു പരിപാടികൂടിയായിരുന്നു അത്. 'ഇതിന് മുൻപ് പല ക്ഷേത്രങ്ങളും ഞാൻ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്രത്തോളം ആഹ്ളാദം എനിക്ക് ഉണ്ടാക്കിയിട്ടില്ല, മറ്റുള്ളിടത്തൊക്കെ ഉണ്ടായ കൃത്രിമത്വം നിറഞ്ഞ അനുഭവത്തിൽ നിന്ന് വ്യത്യസ്തമായി ഒരു സ്വാഭാവികത്വം എനിക്ക് അനുഭവപ്പെട്ടു"- എന്ന് ഗാന്ധിജി അനുഭവ വിവരണം നടത്തുകയും ചെയ്തിരുന്നു.

മുസാവരി ബംഗ്ളാവിൽ നിന്ന് ക്ഷേത്രത്തിലേക്ക് ജാഥ

കൊട്ടാരക്കര മുസാവരി ബംഗ്ളാവിൽ (ഇപ്പോഴത്തെ പി.ഡബ്‌ള്യു.ഡി ഓഫീസും റസ്റ്റ് ഹൗസും) വിശ്രമത്തിന് ശേഷം രാവിലെ ഏഴോടെയാണ് ഗാന്ധിജി തൃക്കണ്ണമംഗൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. രണ്ട് കിലോമീറ്റർ ദൂരമാണ് മുസാവരി ബംഗ്ളാവിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഉണ്ടായിരുന്നത്. ചങ്ങനാശേരി പരമേശ്വരൻ പിള്ളയ്ക്കും രണ്ട് പിന്നാക്ക സഹോദരന്മാർക്കുമൊപ്പം തോളിൽ കൈയിട്ടായിരുന്നു ഗാന്ധിജിയുടെ ചരിത്രയാത്ര. ക്ഷേത്ര നടയിലെത്തിയതും പിന്നാക്കക്കാരായ സഹോദരങ്ങളെ ചേർത്തുനിറുത്തി ഗാന്ധിജി ക്ഷേത്രത്തിനുള്ളിൽ കടന്നു. ജാഥ കടന്നുപോയ പ്രദേശത്തിന് അങ്ങനെ ഗാന്ധിമുക്കെന്ന പേരും വീണു.