premachandran

കൊല്ലം : പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകാൻ സത്വര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകുകയും തുടർന്ന് ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഉറപ്പ് ലഭിച്ചത്.

കേന്ദ്ര സർക്കാർ 2021-2022 സാമ്പത്തിക വർഷം മുതൽ പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയതുകൊണ്ടാണ് ഒരു വിഭാഗം തൊഴിലാളികൾക്ക് മാത്രം വേതനം ലഭിക്കാത്ത സാഹചര്യമുണ്ടായത്. 2021 മാർച്ച് വരെ എല്ലാവിഭാഗം തൊഴിലാളികൾക്കും ഒരേ ഫണ്ടിൽ നിന്നുമാണ് വേതനം നൽകിയിരുന്നത്. എന്നാൽ,​ 2021 ഏപ്രിൽ മുതൽ പട്ടികജാതി, പട്ടികവർഗ്ഗം, ജനറൽ എന്നിങ്ങനെ തരംതിരിച്ച് ഫണ്ട് നൽകിയതുകൊണ്ടാണ് ഒരു വിഭാഗം തൊഴിലാളികൾ മാത്രം വേതനം ലഭിക്കാതെ വിഷമിക്കുന്നത്. 2021 ഡിസംബർ 15 മുതൽ വേതനം കുടിശ്ശികയാണ്.

കൊറോണയെ തുടർന്ന് ഏതൊരു തൊഴിലും ഇല്ലാതെ തൊഴിലുറപ്പിലെ വരുമാനം മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ കൂലി നൽകുന്നതിനുളള കാലതാമസം ഗുരുതരമാണെന്നും എം.പി മന്ത്രിയെ ധരിപ്പിച്ചു.