photo
കൊട്ടാരക്കര ഉമ്മന്നൂർ മലവിള- പുലിക്കുഴി റോഡിന്റെ ടാറിംഗ് ഇളകി മാറിയത് നാട്ടുകാർ പരിശോധിക്കുന്നു

കൊട്ടാരക്കര: റോഡ് ടാറിംഗിന്റെ ചൂടാറും മുമ്പേ പാളികളായി ഇളകിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് കൊട്ടാരക്കര റോഡ് സെക്ഷനിലെ അസി. എക്സി. എൻജിനിയർ ഒ. ജലജ, അസി. എൻജിനിയർ എസ്. ബിജു, ഓവർസിയർ അർച്ചന പങ്കജ് എന്നിവരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തകരാറില്ലാത്ത റോഡിൽ ടാറിംഗും അറ്റകുറ്റപ്പണികളും നടത്തി ബില്ല് മാറാനുള്ള ശ്രമമായിരുന്നുവെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.

കാശടിക്കാൻ തകരാറില്ലാത്ത

റോഡിൽ ടാറിംഗ്

ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ പനയറ - അമ്പലക്കര - മലവിള റോഡിന്റെ റീ ടാറിംഗാണ് വിവാദത്തിലായത്. അടുത്തകാലത്ത് ടാറിംഗ് നടത്തിയ റോഡിന് കാര്യമായ തകരാറുണ്ടായിരുന്നില്ല. എന്നിട്ടും അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചു.

നാലുദിവസം മുമ്പ് ടാറിംഗ് നടത്തി. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ചാണ് റീടാറിംഗ് നടത്തിയത്. ടാറിംഗ് കഴിഞ്ഞ റോഡിലൂടെ കരാറുകാരന്റെ വാഹനം കടന്നുപോയപ്പോഴാണ് കൃത്രിമം നാട്ടുകാർക്ക് ബോദ്ധ്യപ്പെട്ടത്. ഇതേ വാഹനത്തിന്റെ വീലുകളിൽ ടാറിംഗ് ഇളകി ഒട്ടിപ്പിടിച്ചു. പലയിടത്തും ഇളകി മാറുകയും ചെയ്തു. ഇതോടെ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവം മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രി അറിയിച്ചതോടെ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നടപടിക്ക് ഉത്തരവിട്ടു.

""

ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ അറിയിക്കാൻ മടിക്കരുത്. പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണ്. ചില ഉദ്യോഗസ്ഥരാണ് വകുപ്പിനെ മോശമാക്കുന്നത്. ഇത് തിരുത്തേണ്ട ഉത്തരവാദിത്തം വകുപ്പിനുണ്ട്.

മുഹമ്മദ് റിയാസ്,​ മന്ത്രി