kunnathoor
യൂത്ത് കോൺഗ്രസ് നേതാവ് അനന്ദുവിന്റെ വീടിന്റെ ജനാല ആക്രമണത്തിൽ തകർന്ന നിലയിൽ

കുന്നത്തൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിക്കുകയും അടുത്ത ദിവസം പുലർച്ചെ വീടിനുനേരെ പെട്രോൾ ബോംബെറിയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി.

മർദ്ദനത്തിൽ പരിക്കേറ്റ ശൂരനാട് വടക്ക് മണ്ഡലം വൈസ് പ്രസിഡന്റ് ആനയടി വയ്യാങ്കര കുതിരച്ചാടിക്കുവിള (ഹരിശ്രീ) വീട്ടിൽ അനന്ദു ആനയടിയെ (26) ശാസ്താംകോട്ട താലൂക്ക് ശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ മൂന്നുപേരിൽ ആനയടി സ്വദേശിയായ ഗോപു എന്നയാൾ വീട്ടിൽ അതിക്രമിച്ച് കയറി അനന്ദുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം സംഘം രക്ഷപ്പെട്ടു. ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു. ശനിയാഴ്ച സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് ഇരുകൂട്ടരെയും അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ 2.30 ഓടെ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ഇതിനൊപ്പം കല്ലേറുമുണ്ടായി. ആക്രമണത്തിൽ വീടിന്റെ ജനാലകളും സ്കൂട്ടറും തകർന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഉണർന്നതോടെ അക്രമികൾ രക്ഷപ്പെട്ടു.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.