കുന്നത്തൂർ: ശൂരനാട് വടക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനന്ദുവിന്റെ വീട് ആക്രമിച്ച മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ എന്നിവർ ആവശ്യപ്പെട്ടു. അനന്ദുവിന്റെ ആനയടിയിലെ വീട് സന്ദർശിക്കുകയായിരുന്നു ഇരുവരും. രണ്ടു ദിവസം മുമ്പ് അനന്ദുവിനെ ആക്രമിച്ച സംഭവത്തിൽ ശൂരനാട് പൊലീസിന് സംഭവിച്ച ജാഗ്രതക്കുറവാണ് പിന്നീട് വീട് ആക്രമിക്കുന്ന സംഭവത്തിൽ കലാശിച്ചത്. അനന്ദുവിന്റെ മാതാവും സഹോദരിയും ഉറങ്ങിക്കിടന്ന മുറിയിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് പ്രദേശത്ത് സമാധാനാന്തരീക്ഷം ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്. അബുൾ ഖലീൽ ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.