rajesh-

കൊല്ലം: അന്വേഷിച്ചെത്തിയ പൊലീസുദ്യോഗസ്ഥർക്ക് വീട് കാണിച്ചുകൊടുത്ത യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ചിറക്കര ജിത്തു ഭവനിൽ രാജേഷിനെ(29) പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കരത്താഴം സ്വദേശി രതീഷാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിന് കല്ലുവാതുക്കലെത്തിയ രതീഷിനെ ആട്ടോറിക്ഷ കുറുകേയിട്ട് തടഞ്ഞ് നിർത്തി രാജേഷ് കൈവശമുണ്ടായിരുന്ന താക്കോൽ കൂട്ടം വച്ച് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു. ഇടിയിൽ മൂക്കെല്ല് തകർന്ന രതീഷ് പാരിപ്പളളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് പാരിപ്പളളി, ചാത്തന്നൂർ പൊലീസ് സ്‌​റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. പാരിപ്പളളി ഇൻസ്‌പെക്ടർ എ. അൽജബർ, എസ്.ഐ അനൂപ് പി. നായർ, ജയിംസ്, പ്രദീപ്കുമാർ സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.