
പത്തനാപുരം: പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കൈയേറ്റം.
അസി. സർജൻ കുണ്ടറ പുന്നവിള പടിഞ്ഞാറ്റേതിൽ അനീഷ് പി.ജോർജിനാണ് (36) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ രോഗിക്കൊപ്പമെത്തിയ ആളാണ് കൈയേറ്റം ചെയ്തത്. ഇയാൾ മദ്യപിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടറുടെ മുഖത്തടിച്ച ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്സിനെയും പിടിച്ചു തള്ളി. ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പത്തനാപുരം പൊലീസ് പിടവൂർ സ്വദേശി രാജേഷിനെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ പിടികൂടിയ പത്തനാപുരം സി.ഐ ജയകൃഷ്ണനെ കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യുന്നത് അപലപനീയമാണെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എൻ.ആർ. റീന അറിയിച്ചു.