 
തഴവ: ഭൂരഹിതരായ മൂന്നു കുടുംബങ്ങൾക്ക് അദ്ധ്യാപകൻ സ്വന്തം ഭൂമി പകുത്ത് നൽകി. പാവുമ്പ തെക്ക് പൊന്നാതിരയിൽ അദ്ധ്യാപകനായ രാജേന്ദ്രൻപിള്ളയാണ് മണപ്പള്ളി സ്വദേശികളായ മൂന്നു കുടുംബങ്ങൾക്ക് പന്ത്രണ്ട് സെന്റ് ഭൂമി സൗജന്യമായി നൽകിയത്. വസ്തുവിന്റെ ആധാരം തഴവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. വൈസ് പ്രസിഡന്റ് ആർ. ഷൈലജ, സെക്രട്ടറി വി. മനോജ്, ഭൂഉടമ രാജേന്ദ്രൻ പിള്ള എന്നിവർ ചേർന്ന് ആധാരങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. ചടങ്ങ് ആർ. ഷൈലജ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു അദ്ധ്യക്ഷനായി. വി.ഇ.ഒ ചന്ദ്രപ്പൻ, അസി. സെക്രട്ടറി ഗീതാമണി, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ പിള്ളയെ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വഴി സൗകര്യം കൂടി ഉൾപ്പെടുത്തി വസ്തു നൽകിയതിനാൽ ലൈഫ് പദ്ധതി പ്രകാരം ഉടൻ തന്നെ വീട് അനുവദിക്കാൻ ശ്രമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.