
കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര ഓടനാവട്ടം ആശാൻമുക്ക് ശില്പാലയത്തിൽ (മാടപ്പള്ളി) എച്ച്. വൈശാഖിന്റെ (അക്കു, 24) ആശ്രിതർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ധനസഹായം മന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറി.
കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെത്തിയാണ് 18,10,147 രൂപ നൽകിയത്. വൈശാഖിന്റെ അമ്മ ബീനാകുമാരിയും സഹോദരി ശില്പയും ചേർന്ന് ഏറ്റുവാങ്ങി. സർക്കാർ പ്രഖ്യാപിച്ച സഹായം നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിവേഗം നൽകാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങായി സർക്കാർ ഒപ്പമുണ്ടാകും. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്റെ ആശ്രിതർക്ക് ആവശ്യമായ എല്ലാ സഹായവും തുടർന്നും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 11നായിരുന്നു വൈശാഖിന്റെ വീരചരമം.