
കരുനാഗപ്പള്ളി: കടൽ പന്നികളുടെ ശല്യം വ്യാപകമായതോടെ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ ഉപജീവനം മുടങ്ങുന്നു. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ നിന്ന് തനിച്ച് മത്സ്യബന്ധനത്തിന് പോകുന്നവരുടെ ജീവിതമാണ് ദുരിതപൂർണമായത്.
കട്ടമരങ്ങളിൽ കടലിൽ പോയി ലഭിക്കുന്ന മത്സ്യങ്ങൾ ലേലം ചെയ്തു കിട്ടുന്ന പണമാണ് ഇവരുടെ ഉപജീവന മാർഗ്ഗം. അയല, ചെമ്മീൻ, ചൂട, ചാള എന്നിവയാണ് വലകളിൽ പ്രധാനമായും കുരുങ്ങുന്നത്. വല വിരിച്ച് ഒരുമണിക്കൂറിന് ശേഷണമാണ് തിരിച്ചെടുക്കുന്നത്.
എന്നാൽ മീനുകൾ വലക്കുള്ളിൽ കുരുങ്ങുന്നതോടെ കടൽ പന്നികൾ കൂട്ടത്തോടെയെത്തി വലകൾ കടിച്ച് മുറിച്ച് മത്സ്യങ്ങളെ വിഴുങ്ങുന്നതാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ രണ്ട് മാസമായി കടൽ പന്നികളുടെ ശല്യം അതിരൂക്ഷമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യങ്ങൾക്കൊപ്പം വലയും നശിക്കുന്നതോടെ ഇരട്ടി നഷ്ടമാണ് തൊഴിലാളികൾ നേരിടുന്നത്.
പുതുതായി വാങ്ങുന്ന ഫൈബർ കൊണ്ടുള്ള കട്ടമരത്തിനും വലയ്ക്കും ഒരു ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമി ദുരന്തത്തിന് ശേഷമാണ് ഫൈബർ കട്ടമരങ്ങൾ കടലോരങ്ങളിൽ വ്യാപകമായത്.
വല മുറിച്ച് മത്സ്യം തിന്നുന്നു
1. കട്ടമര മത്സ്യബന്ധനമാണ് തൊഴിലാളികളുടെ ഏക വരുമാനമാർഗം
2. മീനും വലയും വ്യാപകമായി കടൽപന്നികൾ നശിപ്പിക്കുന്നു
3. വരുമാനം നിലച്ചതോടെ കടം പെരുകി
4. ആയരങ്ങളുടെ നഷ്ടമാണ് ഓരോ പ്രാവശ്യവും ഉണ്ടാകുന്നത്
5. വല സംരക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ല
കട്ടമരത്തൊഴിലാളികൾ: 150 (ആലപ്പാട് പഞ്ചായത്തിൽ)
മത്സ്യബന്ധനം രണ്ട് കിലോമീറ്ററിനുള്ളിൽ
കരയിൽ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് പാേയാണ് കട്ടമരത്തിൽ മത്സ്യബന്ധനം നടത്തുന്നത്. 300 മീറ്റർ നീളവും 250 മീറ്റർ വീതിയുമുള്ള നീട്ടുവലകളാണ് ഉപയോഗിക്കുന്നത്. കട്ടമരത്തിൽ അയലവല, ചാളവല, ചെമ്മീൻ വല എന്നിവയും ഉണ്ടാകും. മീനുകളുടെ ഇനം അനുസരിച്ചാണ് വലകൾ നീട്ടുന്നത്.
""
മത്സ്യലഭ്യത കുറഞ്ഞതിന് പിന്നാലെയാണ് കടൽപന്നികളുടെ ശല്യം രൂക്ഷമായത്. സീസൺ സമയങ്ങളിൽ ചെമ്മീൻ ലഭിച്ചാൽ 2000 രൂപാ വരെ വരുമാനം ലഭിക്കും.
രാജു, കട്ടമര മത്സ്യത്തൊഴിലാളി