covid

 ആരോഗ്യപ്രവർത്തകരുടെ നിയമനം പാളുന്നു

കൊല്ലം: കൊവിഡ് അതിവ്യാപനം രൂക്ഷമാകുമ്പോഴും ജില്ലയിൽ രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും ആരോഗ്യപ്രവ‌ർത്തകരെ നിയമിക്കാതെ അധികൃതരുടെ ഒളിച്ചുകളി.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരടക്കം 313 പേരെ താത്കാലികമായി നിയമിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കിരുന്നു.

എന്നാൽ ഇതിന് വിരുദ്ധമായി 150 പേരെ നിയമിക്കാനാണ് കഴിഞ്ഞ 28ന് ജില്ലാ മെഡിക്കൽ ഓഫീസർ വിവിധ സ്ഥാപന മേധാവികൾക്ക് അയച്ച ഉത്തരവിൽ പറയുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ജീവനക്കാരുടെ കുറവ് സ്ഥിതി വഷളാക്കുന്നത്.

160 കിടക്കകളുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗികളുടെ പെരുപ്പം കണക്കിലെടുത്ത് 106 പേരെ നിയമിക്കാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ 59 പേരെ നിയമിക്കാനാണ് ഉത്തരവിറക്കിയത്. അതേസമയം തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളേജുകളിൽ സർക്കാർ നിർദേശപ്രകാരമുള്ള 106 ജീവനക്കാരെയും നിയമിക്കാൻ ഉത്തരവിറക്കിയിരുന്നു.

ഇന്റർവ്യൂ ഇന്നും നാളെയും

മെഡിക്കൽ ഓഫീസർമാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും ഇന്റർവ്യൂ ഇന്ന് നടക്കും. നാളെയാണ് ക്ളീനിംഗ് സ്റ്റാഫ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ഇന്റർവ്യൂ. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ നിയമിച്ച ബ്രിഗേഡ് ജീവനക്കാരെ വ്യാപനം കുറഞ്ഞതോടെ പിരിച്ചുവിട്ടിരുന്നു. വ്യാപനം വീണ്ടും കൂടിയതോടെ 625 പേരെ പകരം നിയമിച്ചിരുന്നു.

പാരിപ്പള്ളി മെഡി. കോളേജ്

സർക്കാർ നിർദ്ദേശം

മെഡിക്കൽ ഓഫീസർ: 20

സ്റ്റാഫ് നഴ്സ്: 40

ക്ലീനിംഗ് സ്റ്റാഫ്: 40

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 6


ഉത്തരവിറക്കിയത്

ഡോക്ടർമാർ: 12

സ്റ്റാഫ് നഴ്സ്: 25

ക്ളിനിംഗ് സ്റ്റാഫ്: 20

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 2

കൊവിഡ് ബ്രിഗേഡ് ജീവനക്കാർ

സംസ്ഥാനത്ത്: 4971

നിയമനം - ദിവസ വേതനാടിസ്ഥാനത്തിൽ

സേവന കാലം: മാർച്ച് 31 വരെ

പാരിപ്പള്ളി മെഡി. കോളേജിൽ ഇന്ന് വൈകിട്ടുവരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും

ആശുപത്രികൾ, കിടക്കകൾ, അനുവദിച്ച പോസ്റ്റുകൾ, നിയമനം

പാരിപ്പള്ളി മെഡി. കോളേജ് - 160 - 106 - 59

ജില്ലാ ആശുപത്രി - 118 - 28 - 18

പുനലൂർ താലൂക്ക് ആശുപത്രി - 87 - 17 - 9

നെടുങ്ങോലം - 60 - 17 - 17

നീണ്ടകര - 30 - 17 - 9

കൊട്ടാരക്കര - 60 - 17 - 9

കടയ്ക്കൽ - 20 - 17 - 9

""

കൊവിഡ് പ്രതിരോധത്തിന് തേതൃത്വം നൽകേണ്ട ഡോക്ടർമാരും നഴ്സുമാരുമില്ലാതെ ആശുപത്രികൾ വലയുകയാണ്. സർക്കാർ നിർദ്ദേശിച്ച ജീവനക്കാരെ പോലും നിമിക്കുന്നില്ല.

ആശുപത്രി ജീവനക്കാർ