
 പ്രാദേശിക എതിർപ്പ് ഉയരുന്നു
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുവത്തൂർ പുല്ലാമലയിൽ പൊതു ശ്മശാനം നിർമ്മിക്കാൻ പദ്ധതിയായി. പ്രാദേശിക എതിർപ്പുകളുണ്ടെങ്കിലും പൊതു ആവശ്യമെന്ന നിലയിൽ ഭൂരിപക്ഷ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. ശ്മശാനം അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്താൻ സർവകക്ഷി യോഗം വിളിച്ചുചേർക്കാനാണ് പഞ്ചായത്തിന്റെ ആലോചന. പ്രദേശത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം ഹൈടെക് രീതിയിൽ ഒരുക്കുന്ന ശ്മശാനത്തിനെതിരായ എതിർപ്പ് അജ്ഞതകൊണ്ടാണെന്ന് ജനപ്രതിനിധികൾ പറയുന്നു.
ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പുല്ലാമലയിൽ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വക ഭൂമിയാണ് ഇതിനായി വിട്ടുനൽകുന്നത്. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തു.
പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഇവിടെ രണ്ടേക്കറിലധികം ഭൂമിയുണ്ട്. ഇതിൽ നിന്ന് 50 സെന്റ് ഭൂമിയാണ് പൊതു ശ്മശാനത്തിനായി വിട്ടുനൽകുക.
ആധുനിക സൗകര്യങ്ങളോടെ ഇലക്ട്രിക് ക്രിമറ്റോറിയം
1. പുല്ലാമലയിൽ സ്ഥാപിക്കുന്നത് വൈദ്യുതി ശ്മശാനം
2. അതിനാൽ ശ്മശാനത്തിന് പുറത്തേക്ക് ഗന്ധമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകില്ല
3. മനോഹരമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും
4. ചുറ്റുമതിൽ കെട്ടി പൂന്തോട്ടവും വിശ്രമ കേന്ദ്രവും ഒരുക്കും
5. ശ്മശാനമെന്ന തോന്നലില്ലാത്ത രീതിയിൽ ക്രമീകരണം നടത്തും
അനുവദിച്ചത് ₹ 1 കോടി
അടുക്കള പൊളിച്ചും അടക്കം
പൊതുശ്മശാനത്തിന്റെ അഭാവത്തിൽ ഭൂമി ഇല്ലാത്തവരും രണ്ടും മൂന്നും സെന്റ് ഭൂമി ഉള്ളവരും മരണമുണ്ടായാൽ അടുക്കള പൊളിച്ച് അടക്കം ചെയ്യേണ്ട ഗതികേടിലാണ്. അനാഥാലയങ്ങളിലെ അന്തേവാസികൾ മരിക്കുമ്പോൾ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തെ പൊതുശ്മശാനത്തിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്. പുല്ലാമലയിലെ പൊതുശ്മശാനം നാടിന് അനുഗ്രഹമാകും.
""
വൈദ്യുതി പൊതുശ്മശാനത്തോട് പഞ്ചായത്ത് ഭരണസമിതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. പ്രാദേശിക വികാരം സ്വാഭാവികമാണ്. അവരെ വസ്തുതകൾ ബോദ്ധ്യപ്പെടുത്തി കൂടെനിറുത്തിയാകും പദ്ധതി യാഥാർത്ഥ്യമാക്കുക. പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ആർ.സത്യഭാമ, പ്രസിഡന്റ്,
നെടുവത്തൂർ ഗ്രാമപഞ്ചായത്ത്