 
കൊല്ലം: ചിന്നക്കട റെയിൽവേ മേൽപ്പാലത്തിന് ഇരുവശവും ഒരുപാട് മരങ്ങൾ തണൽ വിരിച്ചുനിൽക്കുന്നുണ്ട്. കാഴ്ചയിൽ രസവും അത്യാവശ്യം തണലുമൊക്കെ ലഭിക്കുമെങ്കിലും ഇവയുടെ 'ഉത്ഭവം' പരതുമ്പോഴാണ് അദ്ഭുതം തോന്നുന്നത്. വിരലിലെണ്ണാവുന്ന മരങ്ങളൊഴികെ മറ്റെല്ലാം വളരുന്നത് മേൽപ്പാലത്തിന്റെ സംരക്ഷണ ഭിത്തികളിൽ!
ചെറുതും വലുതുമായി 25 ആൽമരങ്ങളുണ്ട് കൂട്ടത്തിൽ. ഇവയുടെ വേരുകൾ ആഴത്തിലും പടർന്നും വളരുമെന്നിരിക്കെ ഭാവിയിൽ പാലത്തിന് കേടുപാടുകളുണ്ടാകുമെന്നതിൽ സംശയമില്ല. നേരത്തെ പാലത്തിന്റെ ഇരുവശവും സംരക്ഷണഭിത്തിയിൽ വളരുന്ന മരങ്ങളും പടർപ്പുകളും കോർപ്പറേഷന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റുമായിരുന്നു. അത് മുടങ്ങിയതോടെയാണ് മരങ്ങൾ വളരാൻ തുടങ്ങിയത്. പാലത്തിന്റെ ഭിത്തികളിൽ മാത്രം ഇരുപതിലധികം മരങ്ങൾ വളർന്നു പന്തലിച്ചുകഴിഞ്ഞു.
ചിന്നക്കട അടിപ്പാത നിർമ്മാണത്തിനായി അടയ്ക്കുന്നതിന് മുമ്പ് വരെ പാലത്തിന്റെ ഇരുവശവും ഇടയ്ക്കിടെ വൃത്തിയാക്കുമായിരുന്നു. എന്നാൽ നിർമ്മാണത്തിന് ശേഷം തുറന്നുകൊടുത്തിട്ടും പാലത്തിന്റെ സംരക്ഷണത്തിൽ കോർപ്പറേഷന് തീരെ താത്പര്യമില്ലാത്ത അവസ്ഥ. പാളം മുറിച്ചുകടക്കുന്നതിന്റെ ഭാഗത്തും അടിപ്പാതയുടെ നിർമ്മാണത്തിന്റെ പുതുക്കിപ്പണിത ഭാഗത്തും മാത്രമാണ് മരങ്ങളും ചെടികളും പടർപ്പുകളും വളരാത്തത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നിലെത്തുന്നയിടത്ത് ഇരുവശവും മരങ്ങൾ വളർന്നു പന്തലിച്ചുകഴിഞ്ഞു.
 പാലത്തിന് ഭീഷണി
കോടികൾ ചെലവാക്കി നിർമ്മിച്ച പാലത്തിൽ വിള്ളലുകൾ വീഴാനും അപകടാവസ്ഥയിലാകാനും അധിക നാൾ വേണ്ടിവരില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സൂചികൊണ്ട് പരിഹരിക്കാവുന്ന വിഷയം തൂമ്പയിലേക്ക് എത്തിക്കരുതെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.
എത്രയും വേഗം മരങ്ങൾ മുറിച്ചുമാറ്റി പാലം സംരക്ഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.