phot

പുനലൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (ആർ.ആർ.ടി) പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ നഗരസഭാ കാര്യാലയത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

35 വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. താലൂക്ക് ആശുപത്രിയിൽ കെവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ 20 കിടക്കകൾ സജ്ജമായിട്ടുണ്ട്. ഇതിനായി മൂന്ന് ഡോക്ടർമാരെയും നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് താലൂക്ക് ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സാ ക്ലിനിക് പ്രവർത്തിക്കും.

ചെമ്മന്തൂരിലെ താലൂക്ക് ഹോമിയോ ആശുപത്രിയിൽ എല്ലാ ദിവസവും രാവിലെ 9മുതൽ ഉച്ചയ്ക്ക് 2വരെ കൊവിഡാനന്തര ക്ലിനിക്കിന്റ പ്രവർത്തനം ഉണ്ടായിരിക്കും. ടെലി മെഡിസിൻ പ്രവർത്തനം ആരംഭിച്ചതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. രോഗികൾ 0475-2220455 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടണം.

പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡി. ദിനേശൻ, പി.എ. അനസ്, വസന്ത രഞ്ചൻ തുടങ്ങിയവരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

2.15 കോടി രൂപ ചെലവഴിച്ചു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ നിന്ന് 2.15 കോടി രൂപ നഗരസഭ ഇതുവരെ ചെലവഴിച്ചു. കൂടാതെ 99 ശതമാനം പേർക്ക് ഒന്നാം വാക്സിനും 98.2 ശതമാനം പേർക്ക് രണ്ടാം വാക്സിനും നൽകി. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ നഗരസഭാ പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം നൂറിനടുത്താണ്.