t

കൊല്ലം: സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് അടുത്ത അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളാ സിലബസ് ഏഴാം ക്ലാസ് നിലവാരത്തിലുള്ള കണക്ക്, സയൻസ്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിലൂടെയാണ് പ്രവേശനം. എട്ടാം ക്ലാസ് പ്രവേശനത്തിനൊപ്പം തിരഞ്ഞെടുക്കുന്ന സ്‌പെഷ്യലിസ്​റ്റ് എൻജിനിയറിംഗ് ട്രേഡിലും ദേശീയ നൈപുണ്യ പദ്ധതി ട്രേഡിലും സാങ്കേതിക പരിജ്ഞാനവും, പത്താം ക്ലാസ് വിജയികൾക്ക് ടി.എച്ച്.എസ്.എൽ.സി ട്രേഡ് സർട്ടിഫിക്ക​റ്റിനൊപ്പം ദേശീയ നൈപുണ്യ പദ്ധതി ലെവൽ രണ്ട് സർട്ടിഫിക്ക​റ്റും നൽകും.

ഐ.ടി.ഐ യോഗ്യതയ്ക്ക് തത്തുല്യമായി ടി.എച്ച്.എസ്.എൽ.സി ട്രേഡ് യോഗ്യതയുള്ളവർക്ക് കേരള പി.എസ്.സി തസ്തികകളിൽ മുൻഗണന, പോളിടെക്‌നിക് കോളേജുകളിൽ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സുകൾക്ക് 10 ശതമാനം സീ​റ്റ് സംവരണം, ഇംഗ്ലീഷ് പ്രാവീണ്യത്തിന് 'എൻറിച്ച് യുവർ ഇംഗ്ലീഷ്"പദ്ധതി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർ സപ്പോർട്ട് സ്‌കീം, വിവിധ സ്‌കോളർഷിപ്പുകൾ, വിവിധ ക്ലബുകളുടെ പ്രവർത്തനം, സംസ്ഥാനതല കലാ കായിക ശാസ്ത്ര സാങ്കേതിക മേളകളിൽ പങ്കെടുക്കുന്നതിന് അവസരം എന്നിവയ്ക്കൊപ്പം ഗ്രേസ്‌ മാർക്കും സംസ്ഥാന അംഗീകാരവും ലഭ്യമാകും.

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കു പാഠപുസ്തകങ്ങൾക്കൊപ്പം എൻജിനിയറിംഗ് പാഠപുസ്തകങ്ങളും സൗജന്യമായി ലഭിക്കും. പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി വിഭാഗക്കാർക്ക് ലംപ്സം ഗ്രാൻഡ്, സ്റ്റൈപ്പൻഡ്, ബുക്ക് അലവൻസ്, എല്ലാ പെൺകുട്ടികൾക്കും, ബി.പി.എൽ, എസ്.സി, എസ്.​ടി, ഒ.ഇ.സി കുട്ടികൾക്കും സൗജന്യ യൂണിഫോം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. അത്യാധുനിക സംവിധാനങ്ങളും ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളും മ​റ്റു സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്ന് നേരിട്ട് അപേക്ഷ വാങ്ങാം.

ജില്ലയിലെ ടെക്നിക്കൽ ഹൈസ്‌കൂളുകൾ

 എഴുകോൺ ഇരുമ്പങ്ങാട് ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ. ഫോൺ: 0474 2580126

 കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ. ഫോൺ: 0475 2317090