
 വില്ലനായത് ഗുണനിലവാരക്കുറവ്
കൊല്ലം: ആധുനികവത്കരണത്തിന്റെ ഭാഗമായി കയർ സഹകരണ സംഘങ്ങൾക്ക് സർക്കാർ നൽകിയ ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രത്തിൽ ഉത്പാദിപ്പിച്ച 7 കോടിയുടെ 22,000 ക്വിന്റൽ കയർ ഗുണനിലവാരമില്ലെന്ന കാരണത്താൽ കയർഫെഡിന്റെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു. സംഘങ്ങൾ യന്ത്രത്തെ പഴിക്കുമ്പോൾ യന്ത്രം കൈകാര്യം ചെയ്തതിലെ പരിചയക്കുറവാണ് കാരണമെന്ന് കയർഫെഡ് പറയുന്നു.
145 സംഘങ്ങൾക്ക് 1,423 യന്ത്രങ്ങളാണ് നൽകിയത്. ഒന്നിന് മൂന്നു ലക്ഷമായിരുന്നു വില. ഒരു യന്ത്രത്തിൽ നിന്ന് പ്രതിദിനം ശരാശരി 50 കിലോ കയർവരെ ഉത്പാദനം പ്രതീക്ഷിച്ചു. തൊഴിലാളികൾക്ക് 500 രൂപ ദിവസ വേതനം കിട്ടുമെന്നായതോടെ സംഘങ്ങൾക്കും വലിയ താത്പര്യമായിരുന്നു. കാര്യങ്ങൾ ക്ളച്ചുപിടിച്ചു വന്നപ്പോഴേക്കും ഗുണനിലവാരം കീറാമുട്ടിയായി.
പുതുതായി തുടങ്ങിയ 150 ഓളം കയർ ഫാക്ടറികളിൽ ഉത്പാദിപ്പിച്ച ചകിരിയുടെ ഗുണനിലവാരക്കുറവും നിറക്കുറവും പ്രശ്നമായി. അതോടെ വില്പന കുറഞ്ഞു. ഗോഡൗണുകളിൽ കയർ കെട്ടിക്കിടക്കുന്നതിനാൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നില്ല. പലതും തുരുമ്പെടുത്തു തുടങ്ങി.
 പരിഹാരമുണ്ട്, കയർഭൂവസ്ത്രം
കെട്ടിക്കിടക്കുന്ന കയർ ഉപയോഗിച്ച് ഭൂവസ്ത്രം നിർമ്മിക്കാനാവും. നേരിട്ട് വിൽക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ 100 സ്ക്വയർ മീറ്റർ കയറിൽ 700 രൂപയുടെവരെ നഷ്ടം സംഭവിച്ചേക്കാം. സർക്കാർ സബ്സിഡി അനുവദിച്ചാൽ ഇതു പരിഹരിക്കാം.
കയർഫെഡ് വാദം
 കയറിന്റെ ഗുണനിലവാരക്കുറവാണ് പ്രധാന പ്രശ്നം
 യന്ത്രത്തിന് കുഴപ്പമില്ല, തൊഴിലാളികൾക്ക് മികച്ച പരിശീലനം ലഭിച്ചില്ല
സംഘങ്ങൾ പറയുന്നത്
 പ്രധാന പ്രശ്നം യന്ത്രത്തിന്റേത്
  ചെലവ് വർദ്ധിച്ചു, വൈദ്യുതി ചാർജ് 13,000 രൂപാവരെയായി.
  തനതുഫണ്ട് വിനിയോഗവും വായ്പയും കടക്കാരാക്കി
  ഉത്പാദിപ്പിച്ചത് കയർഫെഡിന് വേണ്ടാതായി
  വില്പനയുടെ 10% ഇൻസെന്റീവ് നൽകിയിരുന്നതും ഇല്ലാതായി
ചകിരിയുടെ നിറവ്യത്യാസവും ഓട്ടോമാറ്റിക് സ് പിന്നിംഗ് മില്ലിൽ ഉത്പാദിപ്പിക്കുന്ന കയറിന്റെ ഗുണനിലവാരമില്ലായ്മയും വിൽപ്പനയെ ബാധിച്ചു.
ജോഷി എബ്രഹാം. വൈസ് ചെയർമാൻ, കയർഫെഡ്
സംഭരിച്ചു വച്ചിരിക്കുന്ന കയർ, ഭൂവസ്ത്രമാക്കി പ്രശ്നം പരിഹരിക്കും
എൻ. സായികുമാർ, ചെയർമാൻ, കയർഫെഡ്