t

കൊല്ലം: സംഗീതം, നൃത്തം, ചിത്രരചന, പെയിന്റിംഗ്, വീഡിയോഗ്രാഫി, മിമിക്രി എന്നിവയിൽ കഴിവു തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ യുവാക്കൾക്ക് അവ പരിപോഷിപ്പിക്കുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന 'ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലി​റ്റീസ്" പരിപാടിയിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 10 വരെ ദീർഘിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യനീതി വകുപ്പും കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാ​റ്റെജിക് കൗൺസിലും (കെ-ഡിസ്‌ക്) സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത്.

പ്രായപരിധി 15 നും 40 നും മദ്ധ്യേ. പ്രാഗത്ഭ്യമുള്ള മേഖലകളിൽ കഴിവ് തെളിയിച്ച രേഖകളും, പ്രായം, ഭിന്നശേഷിയുടെ ശതമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരാൾക്ക് പരമാവധി രണ്ടു മേഖലകളിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2019- 20 ൽ നടത്തിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് പരിപാടിയിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ നേരിട്ടോ, രക്ഷിതാക്കൾ, ലീഗൽ ഗാർഡിയൻ, അദ്ധ്യാപകർ, കെയർ ടേക്കർമാർ തുടങ്ങിയവരിലൂടെയോ അപേക്ഷ ഓൺലൈനായി നൽകാം.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ്, കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ (കെ-ഡിസ്‌ക്), കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേ​റ്റീവ് ആൻഡ് കോഗിനി​റ്റീവ് ന്യൂറോ സയൻസസ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈ​റ്റുകളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള bit.ly/yipts എന്ന ലിങ്ക് ലഭ്യമാണ്. സമർപ്പിക്കുന്ന രേഖകളുടേയും ഓഡിഷന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്: അനുയാത്ര കാൾ സെന്റർ ടോൾ ഫ്രീ നമ്പർ- 1800 1201001