
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയുടെ ആദ്യഘട്ട വൈദ്യുതീകരണ ജോലികൾ മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നു. കൊല്ലം മുതൽ പുനലൂർ വരെയുള്ള വൈദ്യുതീകരണം വരുന്ന മാർച്ചിലും ചെങ്കോട്ട പാത 2023 മാർച്ചിന് മുമ്പും പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
2017ൽ അനുമതി ലഭിച്ച്, 7 മാസം മുമ്പ് ജോലികൾ ആരംഭിച്ച കൊല്ലം - പുനലൂർ പാതയുടെ വൈദ്യുതീകരണ ജോലികൾ 60 ശതമാനം പൂർത്തിയായി. 60 കോടിയാണ് കരാർ തുക. കൊല്ലം മുതൽ പുനലൂർ വരെ പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
കൊട്ടാരക്കര മുതൽ ആവണീശ്വരം വരെയുള്ള വയറിംഗ് ജോലികൾ പൂർത്തിയായി. കൊല്ലം - കൊട്ടാരക്കര, ആവണീശ്വരം - പുനലൂർ വരെയുള്ള ഭാഗത്താണ് വയറിംഗ് അവശേഷിക്കുന്നത്.
വൈദ്യുതീകരണത്തിനായി പുനലൂരിൽ 110 കെ.വി സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു. കെ.എസ്.ഇ.ബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് റെയിൽവേ.
പുനലൂർ - ചെങ്കോട്ട കരാറായി
1. പുനലൂർ - ചെങ്കോട്ട പാത വൈദ്യതീകരണത്തിന് കരാറായി
2. വിക്രാൻ എൻജിനിയറിംഗ് ആൻഡ് എക്ലിം പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാർ
3. 2023 മാർച്ചിന് മുമ്പ് ജോലികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം
4. ഒൻപത് തുരങ്കങ്ങളിലെ വയറിംഗും ഇടമൺ മുതൽ ഒറ്റക്കല്ലുവരെ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതും ദുഷ്കരം
5. നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരും
6. ചെങ്കോട്ടയിൽ പുതിയ സബ് സ്റ്റേഷൻ വേണം
കരാർ തുക 61.32 കോടി
ചൂളം വിളിച്ചെത്തും യാത്രാ സൗകര്യങ്ങൾ
1. ആദ്യഘട്ടം പുനലൂർ - മധുര, പുനലൂർ - ഗുരുവായൂർ, പുനലൂർ - തിരുവനന്തപുരം പാസഞ്ചർ ട്രെയിനുകൾക്ക് പ്രയോജനം
2. പാസഞ്ചർ ട്രെയിൻ മെമുവാകും
3. കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 20 വരെയാക്കാനാവും
4. ഗുരുവായൂർ - പുനലൂർ എക്സ്‌പ്രസ് മധുരയിലേക്ക് നീട്ടനാവും
5. മധുര - പുനലൂർ സർവീസ് സർക്കുലറാക്കി ശിവകാശി വഴി മധുരയിലേക്ക് നീട്ടാം
6. വേളാങ്കണ്ണി - എറണാകുളം ട്രെയിൻ പുനരാരംഭിക്കാനാവും
7. ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിക്കുന്ന സർവീസ് കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടാൻ കഴിയും
""
വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ കൊല്ലത്തെ എൻജിൻ മാറ്റവും അതുമൂലമുള്ള സമയനഷ്ടവും ഒഴിവാകും. കൊല്ലത്ത് അവസാനിക്കുന്ന ചില സർവീസുകൾ ചെങ്കോട്ടവരെ ദീർഘിപ്പിക്കാനാവും.
റെയിൽവേ അധികൃതർ