
കൊല്ലം: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ മൂന്ന് റോഡുകൾ നവീകരിക്കുന്ന പദ്ധതിക്ക് 365.34 കോടിയുടെ ഭരണാനുമതി. 2014 ലെ ഡി.എസ്.ആർ നിരക്ക് പ്രകാരം തയ്യാറാക്കിയ പദ്ധതിയുടെ പ്രാഥമിക എസ്റ്റിമേറ്റ് അടിസ്ഥാനമാക്കി ഒരുമാസം മുൻപ് 158.4 കോടിയുടെ അനുമതി നൽകിയിരുന്നു. പരിഷ്കരിച്ച ഡി.എസ്.ആർ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക ഇരട്ടിയാക്കിയത്.
മുഖ്യമന്ത്രിയുടെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്.
പഴയ ദേശീയപാത 66ലെ മേവറം മുതൽ കാവനാട് വരെ, റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്, തിരുമുല്ലാവാരം- കല്ലുപാലം എന്നീ റോഡുകളാണ് വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല. നിർമ്മാണത്തിന് പുറമേ 15 വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തിയാകും കരാർ. ഈ പദ്ധതി പ്രകാരം നവീകരിക്കുന്ന റോഡിൽ ഉടനീളം ഇരുവശങ്ങളിലും നടപ്പാത, തെരുവ് വിളക്ക്, മീഡിയൻ, ഹാൻഡ്റെയിൽ, ഓട, ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടാകും. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ, റൗണ്ട് എബൗട്ട് തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ടാകും.
# വീതി കൂടും
11.5 മീറ്റർ മുതൽ 20.2 മീറ്റർ വരെ വീതിയിലാകും മേവറം- കാവനാട് റോഡ് വികസിപ്പിക്കുക, വലിയ ജംഗ്ഷനുകളിൽ സ്ഥലമേറ്റെടുക്കലിന് പ്രയാസമുള്ള സ്ഥലങ്ങളിലൊഴികെ ഈ റോഡ് നാല് വരിയാകും. റെയിൽവേ സ്റ്റേഷൻ- ഡീസന്റ് ജംഗ്ഷൻ റോഡ് 11.5 മുതൽ 22 മീറ്റർ വരെ വീതിയിലും തിരുമുല്ലാവാരം- കല്ലുപാലം- കച്ചേരി ജംഗ്ഷൻ റോഡ് 11.5 മീറ്ററിലുമാകും വികസിപ്പിക്കുക.
# പദ്ധതിയുടെ പ്രത്യേകത
 ജി.പി.എസ് സംവിധാനത്തോടയുള്ള സോളാർ ട്രാഫിക് സിഗ്നലുകൾ
 മനോഹരമായ തെരുവ് വിളക്കുകളും നടപ്പാതകളും
 കേബിളുകൾക്കും കുടിവെള്ള പൈപ്പുകൾക്കുമായി പ്രത്യേക കുഴലുകൾ
....................................
# റോഡ്, നീളം
 മേവറം മുതൽ കാവനാട് വരെ: 13.15 കി. മീറ്റർ
 റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്: 6.3 കി. മീറ്റർ
 തിരുമുല്ലാവാരം- കല്ലുപാലം റോഡ്: 4.31 കി. മീറ്റർ
# സ്ഥലമേറ്റെടുക്കാൻ 150 കോടി
മേവറം കാവനാട് റോഡിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ 150 കോടി കൂടി ഉടൻ അനുവദിക്കും. മറ്റ് രണ്ട് റോഡുകളിലും കാര്യമായ സ്ഥലം ഏറ്റെടുക്കൽ ഉണ്ടാകില്ല.