
കൊല്ലം: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഒരു മാസത്തിനകം 11 സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കും. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലേതുപോലെ ഇവിടെയും 20 രൂപയ്ക്ക് ഊണ് ലഭിക്കും.
കിടപ്പുരോഗികൾക്ക് സൗജന്യമായി വീടുകളിൽ ഭക്ഷണം എത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു സുഭിക്ഷ ഹോട്ടലാണ് ആരംഭിക്കുന്നത്. എം.എൽ.എ നിർദ്ദേശിക്കുന്ന തദ്ദേശസ്ഥാപന പരിധിയിലാകും ഹോട്ടൽ തുടങ്ങുക. ഈ തദ്ദേശ സ്ഥാപനം ഹോട്ടലിനാവശ്യമായ സ്ഥലം കണ്ടെത്തി നൽകണം.
ഇതിനായി ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ എം.എൽ.എമാരുടെ യോഗം പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചുചേർക്കും. കളക്ടർ ചെയർമാനും ജില്ല സപ്ലൈ ഓഫീസർ കൺവീനറുമായുള്ള സമിതിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കൊവിഡിന് മുമ്പ് ജില്ലാ കേന്ദ്രത്തിൽ ആദ്യ സുഭിക്ഷ ഹോട്ടൽ തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു.
വിലക്കുറവിൽ നല്ല ഭക്ഷണം വിളമ്പും
1. പാചകരംഗത്ത് മുൻപരിചയമുള്ള കുടുംബശ്രീ അടക്കമുള്ള സന്നദ്ധ സംഘടകൾക്കാകും ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല
2. ഒരു ഊണിന് അഞ്ച് രൂപ വീതം പൊതുവിതരണ വകുപ്പ് സബ്സിഡി നൽകും
3. മോര്, അച്ചാർ, സാമ്പാർ, രസം, അല്ലെങ്കിൽ പുളിശേരി, അവിയൽ എന്നീ ഇനങ്ങൾ ഊണിലുണ്ടാകും
4. ഇതിന് പുറമേ സ്പെഷ്യൽ ഇനങ്ങളും ഉണ്ടാകും. ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്കാകും ഇവ വിൽക്കുക
5. സാമൂഹികനീതി വകുപ്പ് നൽകുക പട്ടിക അനുസരിച്ചായിരിക്കും കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുക
6. സംരക്ഷിക്കാൻ ആരുമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കിടപ്പുരോഗികളെയാകും പട്ടികയിൽ ഉൾപ്പെടുത്തുക
സർക്കാർ നൽകുന്നത് ₹ 10 ലക്ഷം
ഊണ് വില ₹ 20
''''
സ്ഥലം ലഭ്യമായാലുടൻ സുഭിക്ഷ ഹോട്ടൽ ആരംഭിക്കും. ബാക്കി ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഫണ്ടിന് യാതൊരു തടസവുമില്ല.
മോഹൻകുമാർ, ജില്ല സപ്ലൈ ഓഫീസർ