
കൊല്ലം: തീരസംരക്ഷണ സേനാദിനം ഇന്ന് ആചരിക്കവേ, കൊല്ലത്ത് സേനയുടെ ഒരു യൂണിറ്റിനായുള്ള കാത്തിരിപ്പ് നീളുന്നു. മത്സ്യബന്ധന ബോട്ടുകൾ നിരന്തരം അപകടത്തിൽപ്പെട്ടിട്ടും കൊല്ലത്ത് ഒരു സേന എന്ന ആവശ്യത്തോടെ മുഖം തിരിഞ്ഞു നിൽക്കുകയാണ് അധിക്യതർ.
അടുത്തിടെയുണ്ടായ ബോട്ടപകടങ്ങളിൽ ആറു മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കൊച്ചിക്കും വിഴിഞ്ഞത്തിനുമിടയിൽ തീരസംരക്ഷണ സേനയുടെ യൂണിറ്റുകളൊന്നുമില്ല. കൊല്ലം, നീണ്ടകര, അഴീക്കൽ എന്നിങ്ങനെ മൂന്നു തുറമുഖങ്ങൾ കൊല്ലത്തുണ്ട്. അപകടം നടന്നാൽ മറൈൻ എൻഫോഴ്മെന്റ് വിഭാഗവും തീരദേശ പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് എത്തുന്നത്. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ, കാലപ്പഴക്കം ചെന്ന ബോട്ടുകളുമായി എത്തുന്ന ഇവരുടെ രക്ഷാദൗത്യം വിഫലമാകുന്നതാണ് പതിവ്. അനുഭവങ്ങൾ മാത്രം കൈമുതലാക്കി മത്സ്യബന്ധന തൊഴിലാളികളാണ് രക്ഷാ ദൗത്യത്തിനിറങ്ങുന്നത്. ദിവസങ്ങളോളം നീളുന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ പോലും കണ്ടെത്തുന്നത്.
ഏതാനും മാസം മുമ്പാണ് കൊല്ലം അഴീക്കൽ പൊഴിയിൽ വള്ളം മറിഞ്ഞ് നാലു പേർ മരിച്ചത്. അഴീക്കൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ രാഹുൽ എന്ന തൊഴിലാളി മരിച്ചത് കഴിഞ്ഞ ഒക്ടോബറിലും ബോട്ട് മണൽത്തിട്ടയിലിടിച്ച് ഒരാൾ മരിച്ചത് കഴിഞ്ഞ ആഗസ്റ്റിലുമായിരുന്നു. തീരരക്ഷാ സേനയുടെ യൂണിറ്റ് കൊല്ലം കേന്ദ്രീകരിച്ചുണ്ടെങ്കിൽ അധികം വൈകാതെ രക്ഷാപ്രവർത്തനം നടത്താനാവുമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.
പരിശ്രമം പാളി
കെ.സി. വേണുഗോപാൽ കേന്ദ്ര മന്ത്രിയായിരിക്കെ, അഴീക്കലിൽ തീരസംരക്ഷണസേനയുടെ ഒരു യൂണിറ്റ് സ്ഥാപിക്കാൻ നീക്കം നടന്നിരുന്നു. സേനാ വിഭാഗങ്ങൾ സ്ഥല പരിശോധനയും നടത്തി. അഴീക്കൽ- വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ച സമയമായതിനാൽ അവർ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. യൂണിറ്റ് സ്ഥാപിക്കാൻ മൂന്നരയേക്കർ ഭൂമി ആവശ്യമായിരുന്നു. ഭൂമി കണ്ടെത്താൻ കഴിയാതെ വന്നതോടെ യൂണിറ്റ് രൂപീകരണവും അനിശ്ചിതമായി നീണ്ടു.
28: കഴിഞ്ഞ 5 വർഷത്തിനിടെ കൊല്ലം തീരത്ത് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികൾ