slug
പൊതുശ്മശാനം

കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ പുല്ലാമലയിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന പൊതുശ്മശാനത്തിനെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക ഒഴിവാക്കാൻ സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് ആലോചിക്കുന്നു.

മന്ത്രി കെ.എൻ. ബാലഗോപാലിനെയും ജില്ലാ - ബ്ളോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങളെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് യോഗം ചേരുക. കൊവിഡ് പശ്ചാത്തലത്തിൽ യോഗങ്ങൾ ചേരുന്നതിന്റെ തടസങ്ങൾ മാറുന്ന മുറയ്ക്ക് സർവകക്ഷിയോഗം വിളിച്ചുചേർക്കും.

പുല്ലാമല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പഞ്ചായത്തുവക ഭൂമിയിലാണ് ശ്മശാനം നിർമ്മിക്കുക.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ മുൻകൈയെടുത്ത് അനുവദിപ്പിച്ച പദ്ധതി നടപ്പാക്കാൻ ഇടത് മുന്നണി പ്രത്യേക യോഗം ചേരുമെന്നാണ് അറിവ്. വൈദ്യുതി ശ്മശാനമായതിനാൽ പ്രദേശത്തുകാർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബോദ്ധ്യപ്പെടുത്തിവേണം നിർമ്മാണം നടത്തേണ്ടതെന്നാണ് പൊതു അഭിപ്രായം. ഒരുകോടി രൂപയാണ് ശ്മശാനത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കും.

ഒറ്റക്കെട്ടോടെ മുന്നോട്ട്

പഞ്ചായത്തിന്റെ രണ്ടേക്കർ ഭൂമിയിൽ അൻപത് സെന്റാണ് പൊതുശ്മശാനത്തിനായി വിട്ടുനൽകുന്നത്. സമീപത്തെ ആരോഗ്യ കേന്ദ്രത്തിന്റെ ഭാവി വികസനങ്ങൾ മുൻകൂട്ടി കണ്ടാണ് ശ്മശാനത്തിന് ഭൂമി നീക്കിവച്ചിട്ടുള്ളത്. പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും ബി.ജെ.പിയും കേരളാകോൺഗ്രസും സ്വതന്ത്രരുമൊക്കെ അടങ്ങുന്ന പഞ്ചായത്തിൽ എല്ലാവരും പൊതുശ്മശാനത്തിന് അനുകൂല നിലപാടാണ്.

""

ബി.ജെ.പി വികസന പ്രവർത്തനങ്ങൾക്ക് എതിരല്ല. പുല്ലാമല ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് തടസമുണ്ടാകാത്തവിധം ശ്മശാനം നിർമ്മിക്കണം. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ചുവേണം തുടർ നടപടി സ്വീകരിക്കാൻ.

ഷാലു കുളക്കട, പ്രസിഡന്റ്,

ബി.ജെ.പി നെടുവത്തൂർ മണ്ഡലം കമ്മിറ്റി

""

പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾ അടുക്കള പൊളിച്ച് മൃതദേഹം അടക്കിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജിന് സംഭാവന ചെയ്യാമെന്ന് സമ്മത പത്രം നൽകിയവരും ഇതിലുൾപ്പെടും. ജനങ്ങളുടെ പിന്തുണ ഉറപ്പാക്കി പൊതു ശ്മശാനം യാഥാർത്ഥ്യമാക്കും.

ആർ. രാജശേഖരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,

നെടുവത്തൂർ ഗ്രാമ പഞ്ചായത്ത്