
ഓച്ചിറ: ദേശീയപാത 66ൽ നിലവിലുണ്ടായിരുന്ന മീഡിയന് അശാസ്ത്രീയമായി നീളം കൂട്ടിയത് ഗതാഗതക്കുരുക്കിനും അപകടങ്ങൾ വർദ്ധിക്കുന്നതിനും കാരണമായി. പുതിയ ട്രാഫിക് പരിഷ്കരണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ബാദ്ധ്യതയായിരിക്കുകയാണ്.
ഓച്ചിറ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്ത മുതൽ ചങ്ങൻകുളങ്ങര വരെ ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടുവർഷം മുമ്പാണ് മീഡിയൻ നിർമ്മിച്ചത്. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലങ്ങൾ ബ്ലാക്ക് സ്പോട്ടുകളായി അധികൃതർ പ്രഖ്യാപിച്ചിരുന്നു.
ബ്ലാക്ക് സ്പോട്ട് അപകടരഹിതമാക്കുന്നതിന്റെ ഭാഗമായാണ് വീതികൂട്ടി വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡിന് നടുവിൽ മീഡിയൻ സ്ഥാപിച്ചത്. മീഡിയൻ നിർമ്മിച്ചിരിക്കുന്നത് ഒരു മീറ്റർ നീളമുള്ള കൂറ്റൻ സിമന്റ് കട്ടകൾ ഉപയോഗിച്ചാണ്. 'വൈ' ആകൃതിയിലുള്ള സമിന്റ് കട്ടകൾ തലകീഴായി റോഡിന് നടുവിൽ സ്ഥാപിച്ചാണ് മീഡിയൻ നിർമ്മിച്ചിരിക്കുന്നത്.
ആദ്യകാലത്ത് നാട്ടുവാതുക്കൽ ചന്തഭാഗത്തും ചങ്ങൻകുളങ്ങരയിലും വാഹനങ്ങൾക്ക് യു ടേണെടുക്കുന്നതിന് സ്ഥലം ഒഴിച്ചിട്ടിരുന്നു. ഇതേ തുടർന്ന് വാഹനാപകടങ്ങൾ കുറഞ്ഞതായും ചില പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് മീഡിയന്റെ നീളം കൂട്ടി അപകടങ്ങൾ ക്ഷണിച്ചുവരുത്തിയത്.
നീളം കൂട്ടിയത് അശാസ്ത്രീയം
ദേശീയപാത വികസനത്തിന് കരാറെടുത്ത ഏജൻസി റോഡിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ അശാസ്ത്രീയമായ രീതിയിൽ മീഡിയന്റെ നീളം കൂട്ടി. ഇതാണ് അപകടങ്ങൾക്ക് കാരണം. മീഡിയൻ പരിഷ്കരണം പ്രദേശവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇരുചക്ര യാത്രക്കാർ ഉൾപ്പെടെയുള്ളവർ യു ടേണെടുക്കുന്നതിന് ജീവഭയത്തോടെയാണ് ഇവിടെ കാത്തുനിൽക്കുന്നത്. മീഡിയന്റെ ഇരുഭാഗത്തും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതും രാത്രിയിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.
""
യു ടേൺ സൗകര്യമില്ലാത്ത വിധത്തിൽ മീഡിയന്റെ നീളം വർദ്ധിപ്പിച്ചത് വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. തല തിരിഞ്ഞ ട്രാഫിക് പരിഷ്കരണം അപകടങ്ങൾക്കും കാരണമായി. ശാസ്ത്രീയമായ രീതിയിൽ മീഡിയന്റെ നീളം പുനഃക്രമീകരിക്കണം.
പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ടിൽ,
സാമൂഹ്യപ്രവർത്തകൻ