t

കൊല്ലം: ആശ്രാമത്തെ പെൻഷൻ ട്രഷറിയിലെത്താൻ പെൻഷൻകാർ വല്ലാതെ ബുദ്ധിമുട്ടുന്നു. ട്രഷറി സ്ഥിതി ചെയ്യുന്ന പ്രദേശം സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായതിനാൽ ഭൂരിഭാഗം പേരും ഇവിടേക്ക് എത്താൻ ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ഇത് സുവർണാവസരമാക്കി ഓട്ടോറിക്ഷക്കാരുടെ വക പിഴിയൽ വേറെയും.

ഭൂരിഭാഗം പെൻഷൻകാരും ചിന്നക്കടയിൽ എത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് ട്രഷറിയിലേക്കു വരുന്നത്. ചിന്നക്കടയിൽ നിന്നു ആശ്രാമത്തെ പെൻഷൻ ട്രഷറിയിലേക്ക് കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരമേയുള്ളു. എന്നാൽ ഓട്ടോറിക്ഷക്കാർ 60 രൂപയാണ് വാങ്ങുന്നത്. ഈ പെൻഷൻ ട്രഷറിയുടെ കീഴിൽ ഏകദേശം പതിനായിരത്തോളം പെൻഷൻകാരാണുള്ളത്. കാവനാട് മുതൽ കൊട്ടിയം വരെയും കുണ്ടറ റോഡിൽ കരിക്കോട് വരെയുമാണ് ട്രഷറിയുടെ പരിധി. ചിന്നക്കടയിൽ നിന്നു ആശ്രാമം വഴി കുണ്ടറയിലേക്ക് ബസുണ്ടെങ്കിലും മൈതാനത്തിന് മുന്നിലാണ് സ്റ്റോപ്പ്. ഇവിടെ നിന്നു ട്രഷറിയിലേക്ക് അര കിലോ മീറ്ററിലേറെ നടക്കണം. എന്നാൽ വഴി നിറയെ തെരുവ് നായ്ക്കളും ബൈക്ക് അഭ്യാസികളുടെ പരക്കംപാച്ചിലുമാണ്.

കുണ്ടറ ഭാഗത്ത് നിന്നും കടപ്പാക്കട, ആശ്രാമം വഴി ബസ് സർവ്വീസ് ഇല്ലാത്തതിനാൽ കരിക്കോട് ഭാഗത്തുള്ളവരും ചിന്നക്കട വഴി വരേണ്ട അവസ്ഥയാണ്. പെൻഷൻകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ്, കളക്ടറേറ്റിൽ നിന്ന് പെൻഷൻ ട്രഷറി ഇവിടേക്ക് മാറ്റിയത്. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ബസ് സർവീസ് ഇതുവഴി ആരംഭിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ തയ്യാറാകുന്നില്ല.

# 2000 പേരുടെ പെൻഷൻ തടഞ്ഞു

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ കൊല്ലം പെൻഷൻ ട്രഷറിയുടെ പരിധിയിലുള്ള 2000 പേരുടെ ഈ മാസത്തെ പെൻഷൻ തടഞ്ഞു. കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പെൻഷൻകാരെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ പ്രതിഷേധിച്ചു.