
കൊല്ലം: കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഹോമിയോപ്പതി സ്ഥാപനങ്ങളിലും കൊവിഡ്, കോവിഡാനന്തര ചികിത്സകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി ജില്ലാ ഹോമിയോപ്പതി വകുപ്പ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളു മായി ബന്ധപ്പെട്ട്, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. എല്ലാ സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഭക്ഷണത്തിനു മുമ്പ് തുടർച്ചയായി മൂന്ന് ദിവസം രാവിലെ ഒരു ഗുളിക വീതമാണ് കഴിക്കേണ്ടത്. വരാൻ സാദ്ധ്യതയുള്ള ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, രോഗികളുമായി സമ്പർക്കത്തിലുള്ളവർ എന്നിവർ രാവിലെയും വൈകിട്ടും ഓരോ ഗുളിക വീതം ഒരാഴ്ച കഴിക്കണം. കൊവിഡ് വ്യാപനം കുറയുന്നതു വരെ എല്ലാ 21 ദിവസം കൂടുമ്പോഴും ഈ മരുന്ന് കഴിക്കണം.
കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫീവർ സ്ക്രീനിംഗ് യൂണിറ്റ് ആരംഭിച്ചു. ആശുപത്രികളിൽ നേരിട്ട് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള രോഗികൾ, കൊവിഡ് പോസിറ്റീവ് ആയവർ എന്നിവർ www .esanjeevaniopd.in എന്ന വെബ്സൈറ്റ് മുഖേനയുള്ള ഇ -സഞ്ജീവനി ടെലി മെഡിസിൻ സംവിധാനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളുടെയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ 'എന്റെ ജില്ല' എന്ന ആപ്പിൽ ലഭ്യമാണ്.