lorry
കൊട്ടാരക്കര ടൗണിൽ റോഡിലെ കുഴിയിൽ വീണ ചരക്കുലോറി

കൊട്ടാരക്കര: ദേശീയപാതയിലെ കുഴിയിൽ വീണ ചരക്കുലോറി ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കൊല്ലം - ചെങ്കോട്ട ദേശീയപാതയിലെ മാർക്കറ്റ് ജംഗ്ഷൻ ട്രാഫിക് ഐലന്റിന് മുന്നിൽ രൂപപ്പെട്ട കുഴിയാണ് കുരുക്കാകുന്നത്.

ഇന്നലെ രാവിലെ പത്തരയോടെ പുത്തൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കര ജംഗ്ഷനിലേയ്ക്ക് വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്കുലോറി പുത്തൂർ റോഡിൽ നിന്ന് മെയിൻ റോഡിലേയ്ക്ക് കയറവേ കുഴിയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ഗതാഗതക്കുരുക്കും ശക്തമായി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ചേർന്ന് കുഴിയിൽ കരിങ്കൽ കഷണങ്ങൾ നിറച്ച് ഏറെ പണിപ്പെട്ടാണ് ലോറി കുഴിയിൽ നിന്ന് കയറ്റിയത്.

രാവിലെ ഒൻപതോടെ ഇതേ സ്ഥലത്ത് സ്കൂട്ടറിലെത്തിയ സ്ത്രീയും കുട്ടിയും കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ വൈകുന്നതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.