krishna
കൃഷ്ണേന്ദു തപതീ സംവരണം അവതരിപ്പിച്ചപ്പോൾ

തൃശൂർ: നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന 'ധ്വനി' നാട്യ സമ്പ്രദായത്തെ ആദ്യമായി കൂടിയാട്ടത്തിൽ ആവിഷ്‌കരിച്ച് കലാമണ്ഡലം കൃഷ്‌ണേന്ദു. ചേര രാജാവായ കുലശേഖരന്റെ നാടകം, തപതീ സംവരണമാണ് ഗവേഷണത്തിന്റെ ഭാഗമായി അരങ്ങിലെത്തിച്ചത്. ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കലാമണ്ഡലത്തിലെ കൂടിയാട്ടം അവതാരകർക്കിടയിൽ നിന്നുള്ള ആദ്യ ഡോക്ടറേറ്റാണ് ഇത്. ഒറ്റപ്പാലം പാലപ്പുറം സ്വദേശിയാണ് കൃഷ്‌ണേന്ദു.

10 വർഷത്തോളം നീണ്ട ഗവേഷണത്തിലാണ് പഠന സാമഗ്രികൾ ശേഖരിച്ച് 'ധ്വനി' അഭിനയിച്ചത്. 'തപതീ സംവരണം വ്യംഗ്യവ്യാഖ്യയും കൂടിയാട്ടവു'മായിരുന്നു ഗവേഷണ വിഷയം. അഭിനയരീതി സംബന്ധിച്ച് കുലശേഖരൻ തയ്യാറാക്കിയ മാർഗ രേഖയാണ് വ്യംഗ്യവ്യാഖ്യ. അദ്ദേഹം തന്നെ അത് അഭിനയിച്ച് കാണിച്ചിരുന്നു. കലാമണ്ഡലം സൂപ്രണ്ടായിരുന്ന കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടാണ് ഗവേഷണ വിഷയം നിർദ്ദേശിച്ചത്. ഗവേഷണത്തിന്റെ ഭാഗമായി തപതീ സംവരണം അഭ്യസിപ്പിച്ചതും അദ്ദേഹമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്‌കൃത വിഭാഗം മേധാവിയായിരുന്ന ഡോ. കെ. വി വാസുദേവനായിരുന്നു ഗൈഡ്.


വളരെ പഴക്കമുള്ള ഒരു അഭിനയ സമ്പ്രദായത്തെ രംഗത്ത് കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ആറ് ദിവസം നീളുന്ന തപതീ സംവരണം പൂർണമായി അവതരിപ്പിക്കുകയും പഠന പ്രബന്ധം ഗ്രന്ഥമാക്കുകയും ചെയ്യും.

- കൃഷ്‌ണേന്ദു