1
1

2017 മുതൽ 2021 ഡിസംബർ 24 വരെ 52.64% തുക മാത്രം

തൃശൂർ: മാലിന്യ സംസ്‌കരണം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് പ്രദേശിക എതിർപ്പുകൾ തടസം, ഇതുമൂലം അമൃത് പദ്ധതികളുടെ പൂർത്തീകരണം നീളുന്നു. കേന്ദ്രാവിഷ്‌കൃത നഗരവികസന പദ്ധതിയായ അമൃതിൽ സംസ്ഥാനത്ത് ഇതുവരെ ചെലവഴിച്ചത് 52.64 % തുക മാത്രം.

1002 പദ്ധതികൾക്കായി 2357.69 കോടി രൂപയാണ് അമൃത് പദ്ധതിപ്രകാരം അനുവദിച്ചത്. ഇതിൽ 1256.76 കോടി മാത്രമാണ് കഴിഞ്ഞ ദിവസം വരെ ചെലവഴിച്ചത്. 756 പദ്ധതികൾ പൂർത്തിയായി.

ആലപ്പുഴയും ഗുരുവായൂർ നഗരസഭയുമാണ് തുക ചെലവഴിച്ചതിൽ മുന്നിൽ. ആലപ്പുഴയിൽ 77.07% ലേറെ തുക 64 .20%ൽ അധികം തുക ചെലവഴിച്ച് ഗുരുവായൂർ രണ്ടാം സ്ഥാനത്തുണ്ട്. 22.94% മാത്രം ചെലവഴിച്ച കൊല്ലമാണ് ഏറ്റവും പിന്നിൽ.

ആലപ്പുഴയിലെ 195ൽ 142 പദ്ധതികളും പൂർത്തിയായി. ഗുരുവായൂരിൽ 33ൽ 12പദ്ധതികൾ പൂർത്തീകരിച്ചു. ബാക്കി പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു. സാമ്പത്തികവർഷം അവസാനത്തോടെ കൂടുതൽ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അമൃത് മിഷൻ അധികൃതർ പറഞ്ഞു. ഏറ്റവും കൂടുതൽ പദ്ധതികളുള്ള തിരുവനന്തപുരത്ത് 270ൽ 231 പദ്ധതികളിലായി 207.91 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.

തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് അമൃത് നടപ്പാക്കുന്നത്.

അമൃത് പദ്ധതിയിങ്ങനെ

50% കേന്ദ്രവിഹിതവും 30% സംസ്ഥാനവിഹിതവും 20% തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ഉൾക്കൊള്ളുന്നതാണ് പദ്ധതി. കുടിവെള്ള വിതരണം, സ്വീവേജ്, ഫുട്പാത്ത്, ആകാശ പാത, കാന നിർമ്മാണം, പാർക്കുകളുടെ നവീകരണം തുടങ്ങി വിവിധ പദ്ധതികളാണ് ഇതുപ്രകാരം നടപ്പാക്കുന്നത്. 2015 ലാണ് കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിച്ചതെങ്കിലും 2017ലാണ് നടപടി ക്രമങ്ങൾ പൂർത്തിയായി ഫണ്ട് നൽകി തുടങ്ങിയത്.

പ്രാദേശിക എതിർപ്പ്

മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് പ്രദേശിക എതിർപ്പുകൾ മൂലം വിഹിതം പൂർണമായും ചെലവഴിക്കാനാകുന്നില്ല. കൊല്ലം ഉൾപ്പടെയുള്ള ഇടങ്ങളിൽ ഈ പ്രശ്‌നമുണ്ട്. പ്രശ്‌നം മറികടക്കാൻ പ്രദേശിക ഭരണകൂടങ്ങളുടെ ഇടപെടലും ബോധവത്കരണവും നടക്കുന്നുണ്ട്. നിലവിലെ പദ്ധതികൾ പൂർത്തിയാക്കാൻ 2023 മാർച്ച് വരെ സമയം ഉണ്ട്.

സംസ്ഥാനത്തെ അമൃത് പദ്ധതികൾ

ആകെ പദ്ധതികൾ - 1002

അനുവദിച്ച തുക - 2357.69

ചെലവഴിച്ചത് - 1256.76 (52.64 %)

പദ്ധതിയിൽ ഉൾപ്പെട്ട സ്ഥം, അനുവദിച്ച തുക, ചെലവഴിച്ചത്, ശതമാനം എന്ന ക്രമത്തിൽ

തിരുവനന്തപുരം - 357.50 കോടി.....207.91 (57.73%)
തൃശൂർ - 269.9......132.91 (51.19 %)
പാലക്കാട് - 221.75.....137.42 (62.46%)
കോഴിക്കോട് - 274.76.....118.48 (38.45%)
കണ്ണൂർ - 225.72....142.76 (63.26 %)
കൊല്ലം - 253.45....70.72 (22.94%)
കൊച്ചി - 328.78....140.05 (51.48)
ഗുരുവായൂർ - 203.10.... 137.21 (64.20)
ആലപ്പുഴ - 222.70.....169.31 (77.07)

അമൃത് പദ്ധതി പ്രകാരമുള്ള പ്രവർത്തനം എല്ലായിടത്തും നടക്കുന്നുണ്ട്. പക്ഷേ കൂടുതൽ തുക വകയിരുത്തിയ മാലിന്യസംസ്‌കരണ പദ്ധതികൾ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഏറെയാണ്. എന്നാൽ തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.
- രേണു രാജ്, അമൃത് മിഷൻ ഡയറക്ടർ