 
തൃശൂർ : ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവരും നികുതി അടയ്ക്കുന്നവരുമുൾപ്പെടെ പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി അനധികൃതമായി കൈപ്പറ്റിയത് 3413 പേർ. ഇത്തരത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചുകിട്ടാനുള്ളത് മൂന്നു കോടിയോളം രൂപ. ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ കൃഷി വകുപ്പ് ആരംഭിച്ചു.
രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവർക്ക് ധനസഹായം നൽകുന്ന പദ്ധതി പലരും വ്യാജ സത്യവാങ് മൂലം നൽകിയാണ് കൈപ്പറ്റിയതെന്നും കണ്ടെത്തി. വ്യാജ സത്യവാങ്മൂലം നൽകിയ 3,412 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. പിന്നീട് തിരിച്ചടയ്ക്കണമെന്ന് കാട്ടി രജിസ്റ്റേർഡ് കത്തയച്ചതോടെ, 316 പേർ തിരിച്ചടച്ചു.
ഒരു തവണ കൂടി മുന്നറിയിപ്പ് നൽകിയ ശേഷം ജപ്തി നടപടികളിലേക്ക് കടക്കാനാണ് നീക്കം. പദ്ധതിയുടെ തുടക്കത്തിൽ അപേക്ഷ സമർപ്പിച്ചവർക്ക് അവർ നൽകിയ സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്തത്. പിന്നീട് സൂക്ഷ്മ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. 2.94 കോടിയാണ് ഇവരിൽ നിന്നും തിരിച്ചുപിടിക്കാനുള്ളത്. ഇതിൽ 2.86 ലക്ഷം മാത്രമാണ് തിരിച്ചുകിട്ടിയത്.
അനുകൂല്യം 3.76 ലക്ഷം പേർക്ക്
രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായി കൈപ്പറ്റുന്നത് 3,76, 637 പേരാണ്. ആകെ അപേക്ഷകൾ 4,12,253 ഉണ്ടെങ്കിലും ആദ്യഘട്ടത്തിലേ പലരെയും ഒഴിവാക്കി.
കൂടുതൽ തൃശൂർ താലൂക്കിൽ
കൂടുതൽ കൃഷി സമ്മാൻ നിധി അപേക്ഷകരുള്ളത് തൃശൂർ താലൂക്കിലാണ്. 94,714 അപേക്ഷകൾ. തലപ്പിള്ളി താലൂക്കിൽ നിന്ന് 81,340 പേരാണ് അപേക്ഷകരായി ഉള്ളത്. 67,528 (ചാലക്കുടി), 58,091 (ചാവക്കാട്), 44, 972 (കൊടുങ്ങല്ലൂർ), 62, 196 (മുകുന്ദപുരം) എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്ക്.
അനർഹർ തിരിച്ചടയ്‌ക്കേണ്ടത് 2.94 കോടി
അനധികൃതമായി തുക കൈപ്പറ്റിയത് തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. മൂവായിരത്തിലേറെ പേർ നോട്ടീസ് അയച്ചിട്ടും തിരിച്ചടയ്ക്കാനുണ്ട്.
സരസ്വതി
കൃഷി ഡെപ്യൂട്ടി ഡയറക്ടർ.