shivadas-n

ചേർപ്പ് (തൃശൂർ): ആറാട്ടുപുഴ പട്ടം പള്ളത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു. ആറാട്ടുപുഴ ചേരിപ്പറമ്പിൽ ശിവദാസൻ (ശിവൻ 54), ഭാര്യ സുധ (48) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ശിവദാസൻ വീടിന്റെ മുൻഭാഗത്ത് തൂങ്ങിമരിച്ച നിലയിലും ഭാര്യ സുധ മുറിയിലെ കട്ടിലിൽ വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്നലെ രാവിലെ അയൽവാസി ഇവരുടെ വീട്ടിൽ പച്ചമുളക് പറിക്കാൻ വന്നപ്പോഴാണ് ശിവദാസൻ തൂങ്ങി നിൽക്കുന്നത് കണ്ടത്.

മകൻ ശ്രീജിത്ത് ഭാര്യയുടെ വീട്ടിലായിരുന്നു. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ഇടയ്ക്കിടെ ഇവർ വഴക്കുണ്ടാകുന്നത് പതിവായിരുന്നെന്നും പൊലീസും നാട്ടുകാരും പറഞ്ഞു.

തെങ്ങുകയറ്റ തൊഴിലാളിയാണ് ശിവദാസൻ. സുധ വീട്ടുപണി ചെയ്താണ് ജീവിതവൃത്തി നടത്തുന്നത്. ശിൽപ്പ, ശീതൾ എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: രമേശ്, രാജേഷ്, നിവേദ്യ. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ആറാട്ടുപുഴ മന്ദാരംകടവിൽ സംസ്‌കരിക്കും.