ചേർപ്പ്: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേർപ്പ് പഞ്ചായത്ത് എട്ടാം വാർഡ് ഗ്രൗണ്ട് റോഡിൽ താമസിക്കുന്ന കൈലാത്ത് ഗോപി - കവിത ദമ്പതികൾക്ക് പുതുവർഷത്തിൽ സ്വന്തമായൊരു വീടൊരുങ്ങുന്നു.
വീടിന്റെ പട്ടയം, ആധാരം എന്നിവ നഷ്ടപ്പെട്ടതിനാൽ ഇവരുടെ വീട് പുതുക്കി പണിയാൻ തടസം നേരിട്ടിരുന്നു. തുടർന്ന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മനുഷ്യാവകാശ സംഘടനാ അംഗമായ ഷീല ഹരിദാസിന്റെ നേതൃത്വത്തിൽ സമിതി അനുവദിച്ച പണം ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. പുതുവർഷ ദിനത്തിൽ വീടിന്റെ തറക്കല്ലിടൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി നിർവഹിച്ചു. സജീവൻ നടത്തറ അദ്ധ്യക്ഷനായി. അഡ്വ. കെ.കെ. രാജീവൻ, ഷീല ഹരിദാസ്, ഗോപാലൻ നായർ, സത്യഭാമ, സണ്ണി മാരിയിൽ, ആന്റണി പന്തല്ലൂക്കാരൻ, ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.