വടക്കാഞ്ചേരി: 11 പട്ടികജാതി ഭവനരഹിതർക്ക് പുതുവത്സര സമ്മാനമായി ഫ്‌ളാറ്റ് അനുവദിക്കാൻ വടക്കാഞ്ചേരി നഗരസഭാ യോഗത്തിൽ തീരുമാനം. 11 പട്ടികജാതി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് അനുവദിക്കുന്നതിനാണ് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായത്. ലൈഫ് പദ്ധതിയ്ക്ക് പുനരുജ്ജീവൻ നൽകുന്ന ഈ സാഹചര്യത്തിൽ നഗരസഭയുടെ തീരുമാനം കേരള രാഷ്ട്രീയത്തിൽ തന്നെ വളരെ ചർച്ചയാകും. ലൈഫ് പദ്ധതി വഴിയോ അല്ലെങ്കിൽ മറ്റെതെങ്കിലും ഭവന നിർമ്മാണ പദ്ധതിയിലൂടെയോ നഗരസഭ തീരുമാനിച്ച 11 പട്ടികജാതി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നൽകാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. പുതുരുത്തിയിലെ ഫ്‌ളാറ്റിലേക്കുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റിനും നഗരസഭാ യോഗം അംഗീകാരം നൽകി. ഒരു രൂപ പ്രതിമാസ വാടകയ്ക്കാണ് ഇവർക്ക് ഫ്‌ളാറ്റ് അനുവദിക്കുക. ഉപഭോക്താക്കൾക്കും സന്തതി പരമ്പരകൾക്കും ഫ്‌ളാറ്റിൽ താമസിക്കാം. ഫ്‌ളാറ്റുകൾ മറ്റൊരാൾക്ക് കൈമാറനോ വിൽപ്പന നടത്താനോ കഴിയില്ല.
ഭവന രഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് പാർപ്പിടവും സൗകര്യങ്ങളുമൊരുക്കി അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
-പി.എൻ. സുരേന്ദ്രൻ
നഗരസഭാ ചെയർമാൻ