samithi
താലൂക്ക് വികസന സമിതി യോഗത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളുടെ പ്രതിഷേധവും, ഉദ്യോഗസ്ഥരുടെ നിസംഗതയും പതിവ് കാഴ്ചയാകുന്നു. താലൂക്ക് വികസന സമിതിയുടെ ശനിയാഴ്ച ചേർന്ന യോഗത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ചൂണ്ടികാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ശക്തമായി പ്രതികരിച്ചു.

രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും വാട്ടർ അതോറിറ്റി മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ കുറ്റപ്പെടുത്തി. ഏകദേശം രണ്ട് ലക്ഷം രൂപയോളം പൊതുടാപ്പിന് വേണ്ടി പഞ്ചായത്ത് അടയ്ക്കുമ്പോൾ പൊതുജനങ്ങൾക്ക് വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് വാട്ടർ അതോറിറ്റി ഒളിച്ചോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം പുരോഗമിക്കുകയാണെന്നും ടാറിംഗിന് പിന്നാലെ റോഡ് പൊളിക്കാൻ വരുന്ന വാട്ടർ അതോറിറ്റിയുടെ സ്ഥിരം പരിപാടി അവസാനിപ്പിച്ച് റോഡ് ക്രോസ് ചെയ്ത് പൈപ്പ് ഇടാനുണ്ടെങ്കിൽ ആ പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ആവശ്യപ്പെട്ടു.

ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നതതല യോഗം വിളിക്കുമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, വിനീത മോഹൻദാസ്, കെ.എസ്. ജയ, സുഗത ശശീധരൻ തുടങ്ങിയവർ പങ്കെടുത്തു.