പാവറട്ടി: പെരുവല്ലൂർ പരപ്പുഴ പാലം നിർമ്മാണത്തിന്റെ ഭാഗമായി കാൽനടക്കാർക്കായി നിർമ്മിച്ച ഇരുമ്പ് നടപ്പാലം പൊളിച്ച് സമാന്തര റോഡ് നിർമ്മാണം തുടങ്ങി. പാലം നിർമ്മാണത്തിന് മുന്നോടിയായ നിർമ്മിച്ച സമാന്തര റോഡ് പൊളിച്ചാണ് കാൽനടയാത്രക്കാർക്കായി ഇരുമ്പ് നടപ്പാലം നിർമ്മിച്ചിരുന്നത്. അതാണ് ഇന്നലെ പൊളിച്ച് നീക്കിയത്. ഇവിടെ സമാന്തര റോഡ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്. നിർമ്മാണം പൂർത്തിയാകും വരെ ഇതുവഴിയുള്ള കാൽനടയാത്രയും നിരോധിച്ചിട്ടുണ്ട്. പരപ്പുഴ പാലം തകർന്നത് മൂലം പറപ്പൂർ വഴി പാവറട്ടി റൂട്ടിലൂടെയുള്ള വാഹന ഗതാഗതം ദുഷ്‌ക്കരമായി തുടരുകയാണ്. തൃശൂരിൽ നിന്നു വരുന്ന വാഹനങ്ങൾ അന്നകരയിൽ നിന്ന് എലവത്തൂർ മാടക്കാക്കൽ വഴി മുല്ലശ്ശേരി കൂടി പാവറട്ടിക്ക് പോകുകയാണ്. അന്നകര കോക്കൂർ എളവള്ളി വഴി പെരുവല്ലരിൽ എത്തി പാവറട്ടി ഭാഗത്തേക്കും പോകുന്നു. ഈ രണ്ട് റൂട്ടിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. പാവറട്ടി പറപ്പൂർ വഴി തൃശൂരിലേക്ക് പോകുന്ന മിക്ക ബസുകളും സർവീസ് നിറുത്തിയിട്ടുണ്ട്.
ജനകീയ ആവശ്യം ശക്തമായതോടെയാണ് മുരളി പെരുനെല്ലി എം.എൽഎ മുൻകൈ എടുത്താണ് ഇരുമ്പ് നടപ്പാലത്തിന് പകരം സമാന്തര പാത നിർമ്മിക്കുന്നത്. ജനുവരി മൂന്നിന് റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന് പി.ഡബ്ല്യു.ഡി. ചാവക്കാട് റോഡ്‌സ് വിഭാഗം എൻജിനിയർ അറിയിച്ചു. പരപ്പുഴപ്പാലത്തിന്റെ പുനർ നിർമ്മാണം പുരോഗമിക്കുകയാണ്. 2021 ഡിസംബർ 31 ന് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു മുൻ തീരുമാനം. 2022 മാർച്ച് 31 നകം പാലം നിർമ്മാണം പൂർത്തിയാക്കണമെന്ന് എം.എൽ.എ. പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൂന്ന് ദിവസം കൊണ്ട് സമാന്തരപാതയുടെ നിർമ്മാണവും മൂന്ന് മാസം കൊണ്ട് പരപ്പുഴപ്പാലം പുനർ നിർമ്മാണവും പൂർത്തിയാക്കുമെന്ന പി.ഡബ്യു.ഡിയുടെ ഉറപ്പിൽ വിശ്വാസമില്ല. യാത്രാ ദുരിതം പരിഹരിക്കാൻ എം.എൽ.എയുടെ ഭാഗത്ത് നിന്ന് കൂടുതൽ ഇടപെടലുകൾ വേണം.
-നാട്ടുകാർ.