ചാലക്കുടി: കൊവിഡിനെ മറികടന്നും ഒമിക്രോണിനെ അകറ്റിനിറുത്തിയും ചാലക്കുടിയുടെ ഫുട്ബാൾ ലോകം ആവേശത്തിലേക്ക് ചുവട് വയ്ക്കുന്നു. കാൽപ്പന്തുകളിക്ക് പുകൾപെറ്റ പുത്തുപറമ്പ് മൈതാനിയിലെ കളരിയിൽ ഭാവിയുടെ കായികശക്തി തിമിർക്കുകയാണ്.
വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത് മുൻ ഫുട്ബാൾ താരം കുയൻസ് എന്ന രമേഷ്. കായിക അദ്ധ്യാപകർ നിർദ്ദേശിക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് വൈകുന്നേരങ്ങളിൽ പരിശീലനം നൽകുമ്പോൾ രമേശിന്റെ മനസും ആവേശക്കുതിപ്പിലാണ്.
ചാലക്കുടി ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ഇനിയും ദേശീയ താരങ്ങളെ വാർത്തെടുക്കണമെന്ന ആഗ്രഹമാണ് ചാലക്കുടിക്കാരനായ ഇയാളുടെ കോച്ചിംഗ് ക്യാമ്പിന്റെ ലക്ഷ്യം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിൽ കളിച്ചിരുന്ന രമേശിന് ഇപ്പോൾ നഗരത്തിൽ സ്‌പോർട്‌സ് ഉത്പന്നങ്ങുടെ ഷോപ്പുമുണ്ട്. ടി.കെ. ചാത്തുണ്ണി, പി.വി. രാമകൃഷ്ണൻ തുടങ്ങിയവരെല്ലാം പുത്തുപറമ്പ് മൈതാനിയിൽ നിന്നും വളർന്നതാണെന്നും ഇനിയും ഇത്തരം പ്രതിഭകളെ കണ്ടെത്താൻ കഴിയുമെന്നും രമേശ് പറയുന്നു.
കുട്ടികളുടെ പരിശീലനത്തിന് കൈത്താങ്ങുമായി നിരവധി ഫുട്ബാൾ പ്രേമികൾ സഹായ ഹസ്തവുമായി പിന്നിലുള്ളത് ക്യാമ്പിന് ആവേശം പകരുന്നു. അറുപതോളം കുട്ടികളെ പ്രായമനുസരിച്ച രണ്ട് വിഭാഗമാക്കിയാണ് പരിശീലനം. അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങൾ ഇപ്പോൾ അവരുടേതാണ്. കൊവിഡ് മാരിയിൽ അടച്ചിട്ടിരുന്ന കുട്ടികളുടെ കായിക വാസനകൾക്ക് വീണ്ടും പുത്തുപറമ്പ് മൈതാനത്ത് ചിറക് മുളയ്ക്കുകയാണ്.
മികച്ച കളിക്കാരെ കണ്ടെത്തി, ചാലക്കുടിയുടേതായ ഒരു ടീം വാർത്തെടുക്കണം
കളിക്കാർക്ക് ജഴ്‌സിയുടെ കുറവുണ്ട്. സുമനസുകളുടെ സാഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
- കുയൻസ് രമേശ്, പരിശീലകൻ