താനാപാടം - മാമ്പുള്ളി പാടശേഖരത്തിന്റെ ബണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന നിരോധിത കീടനാശിനികൾ.
മണലൂരിൽ നിരോധിത കിടാനാശിനി പ്രയോഗം വ്യാപകം
കാഞ്ഞാണി: മണലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ നിരോധിത കീടനാശിനി ഉപയോഗിക്കുന്നതായി പരാതി. ഇതിനെതിരെ സമീപവാസികൾ പ്രതിഷേധവുമായി രംഗത്ത്. താനാപാടം മാമ്പുള്ളി, ചാത്തംകുളങ്ങര എന്നീ പാടശേഖരങ്ങളിലാണ് നിരോധിത കിടാനാശിനികളായ റൗണ്ട് അപ്പ്, ഫോർ ട്ടു ഡി എന്നിവ ഉപയോഗിക്കുന്നതായി നാട്ടുകാർ കണ്ടെത്തിയത്.
ഇതുമൂലം സമീപവാസികൾക്ക് ശ്വാസതടസവും, വീടുകളിലെ കിണറുകളിൽ വിഷാംശം കലരുന്നുണ്ടെന്നും പറയപ്പെടുന്നു. പാടശേഖരങ്ങളിൽ നെൽക്കൃഷി ചെയ്യുന്നതിന് മുന്നോടിയായി വളർന്നുനിൽക്കുന്ന പുല്ലുകൾ കരിച്ചുകളയാനാണ് ഇത്തരം കീടനാശിനികൾ ഉപയോഗിക്കുന്നത്.
കീടനാശിനികളുടെ ഉപയോഗം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസിയായ ഷൈൻ കളാനി മണലൂർ കൃഷിഭവൻ അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൃഷിഭവൻ ഓഫീസർ കാരമുക്ക് - ചാത്തംകുളങ്ങര പാടശേഖര കമ്മിറ്റിയോടും താനാപാടം - മാമ്പുള്ളി പാടശേഖര കമ്മിറ്റിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ കമ്മിറ്റികൾ മറുപടി നൽകിയിട്ടില്ല. ഇപ്പോഴും കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് സമീപവാസികൾ പരിസ്ഥിതി ആരോഗ്യ സംരക്ഷണ സമിതിക്ക് രൂപം നൽകി. യോഗത്തിൽ വാർഡ് അംഗം ധർമ്മൻ പറത്താട്ടിൽ അദ്ധ്യഷനായി. ഷൈജു മരോട്ടിക്കൽ, കെ.കെ. കൃഷ്ണൻകുട്ടി, മുരളി ചിറയത്ത്, വിശ്വംഭരൻ തുരുത്തിയിൽ, ഡോളി വിനിഷ്, ബാലചന്ദ്രൻ മങ്കുഴി എന്നിവർ സംസാരിച്ചു.
പാടശേഖരത്തിൽ നിരോധിത കീടനാശിനി ഉപയോഗിക്കുന്നതായി അറിവില്ല. മണലൂർ കൃഷിഭവനിൽ ലഭിച്ച പരാതി പ്രകാരം പാടശേഖര കമ്മിറ്റിയോട് കൃഷി ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷിച്ച് റിപ്പോർട്ട് നൽകും.പി.വി. ഹരിദാസ്
പ്രസിഡന്റ്
താനാപാടം - മാമ്പുള്ളി പാടശേഖര കമ്മിറ്റി
നിരോധിത കീടനാശിനികൾ പാടശേഖരങ്ങളിൽ ഉപയോഗിക്കുന്നതിനാൽ സമീപവാസികൾക്ക് ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. കിണറുകളിൽ വിഷാംശം കലരാൻ സാദ്ധ്യതയേറെയാണ്. പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് സംഘടന രൂപീകരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തിരുമാനിച്ചത്.
ഷൈൻ കാളാനി
കൺവീനർ
പരിസ്ഥിതി ആരോഗ്യ സംരക്ഷണ സമിതി
.