തളിക്കുളം: പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഭരണസമിതി അംഗങ്ങൾ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിലും കുടിവെള്ളം മുടങ്ങിയിട്ട് 22 ദിവസത്തിലേറെയായി.
കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. തീരദേശത്തെ ഓരോ പഞ്ചായത്തുകൾക്ക് തുടർച്ചയായി മൂന്നു ദിവസമാണ് ജലഅതോറിറ്റി പൊതുടാപ്പ് വഴി വെള്ളം വിതരണം ചെയ്യുന്നത്.
എന്നാൽ ഈ സമയങ്ങളിലെ വൈദ്യുതി മുടക്കം, പൈപ്പുകളുടെ പൊട്ടൽ എന്നിവ മൂലം കുടിവെള്ള വിതരണം തടസപ്പെടുകയാണ്. തളിക്കുളത്തെ പുഴയോര മേഖലയിലുള്ള 4, 5 വാർഡുകളിൽ കുടിവെള്ളം ലഭിക്കാതെ വലിയ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്.
താത്കാലികമായി പഞ്ചായത്ത് ഈ വാർഡുകളിലേക്ക് ആവശ്യമായ വെള്ളം ടാങ്കർ വഴി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ഉൾഭാഗങ്ങളിലേക്ക് വാഹനത്തിൽ വെള്ളം എത്തിക്കാനാകാത്തത് അവിടെയുള്ള കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. ജല അതോറിറ്റി പൊതുടാപ്പ് വഴി വിതരണം ചെയ്യുന്ന വെള്ളം കൃത്യമായി ലഭിച്ചെങ്കിൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകൂ.
വെള്ളം നൽകാമെന്ന് ഉറപ്പ്
തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, വൈസ് പ്രസിഡന്റ് പി.കെ. അനിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. മെഹബൂബ്, ബുഷ്റ അബ്ദുൾ നാസർ, എം.കെ. ബാബു, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, കെ.കെ. സൈനുദ്ദീൻ എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
സമരത്തെത്തുടർന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനിയർ അമ്മുക്കുട്ടി സ്ഥലത്തെത്തി ഭരണസമിതി അംഗങ്ങളുമായി ചർച്ച നടത്തി. തളിക്കുളത്തേക്ക് ആവശ്യമായ വെള്ളം ഉടൻ നൽകാമെന്ന് ഉറപ്പ് നല്കി.
നാട്ടിക ഫർക്ക പദ്ധതിയും പ്രതിസന്ധിയും
മണപ്പുറത്തെ മുഴുവൻ പേർക്കും ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി കമ്മിഷൻ ചെയ്തത്. നാട്ടിക ഫർക്കയിലെ പത്തു പഞ്ചായത്തുകളിലെ നാലുലക്ഷത്തോളം പേർക്ക് ഇതുവഴി കുടിവെള്ളം ലഭ്യമാക്കിയിരുന്നു. എന്നാൽ കൊടുങ്ങല്ലൂർ, ചാവക്കാട് മേഖലകളിലെ ആറ് പഞ്ചായത്തുകളിൽ കൂടി കുടിവെള്ളക്ഷാമം രൂക്ഷമാകുകയും നൽകേണ്ടിവരികയും ചെയ്തതോടെ ആഴ്ചയിൽ മൂന്നുദിവസം എന്ന നിലയിൽ വിതരണം ത്വരിതപ്പെടുത്തി. വിതരണത്തിന് നിശ്ചയിക്കുന്ന ദിവസം വൈദ്യുതി മുടക്കം, പൈപ്പ് പൊട്ടൽ എന്നിവയുണ്ടായാൽ കുടിവെള്ളം കിട്ടാതാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
നാട്ടിക ഫർക്ക പദ്ധതിക്ക് കീഴിൽ
തളിക്കുളത്ത്