കൊടുങ്ങല്ലൂർ: പെൻഷൻകാർ ഉൾപ്പെടെ ട്രഷറികളിൽ എത്തിയവർക്ക് ദുരിതം സമ്മാനിച്ച് പുതിയ സെർവറും പണിമുടക്കി. സെർവർ നിലച്ചതോടെ സബ് ട്രഷറികളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഇടപാടുകളും തടസ്സപ്പെട്ടെങ്കിലും ഏറെ പ്രയാസം പെൻഷൻകാർക്കായിരുന്നു.

മദ്ധ്യവയസ്‌കർ മുതൽ പ്രായാധിക്യമുള്ളവർ വരെയുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ നിരാശരായാണ് സ്ഥലംവിട്ടത്. പെൻഷൻ തുക കൊണ്ട് കണക്കുകൂട്ടി ജീവിതം തള്ളിനീക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരിലേറെയും രാവിലെ എട്ടുമുതൽ സബ് ട്രഷറികളിലെത്തി കാത്തിരുന്നവരാണ്. സർവീസ് പെൻഷനേഴ്‌സും വിരമിച്ച അദ്ധ്യാപകരും മറ്റുമാണ് പണം കിട്ടാതെ മടങ്ങിയത്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ വേട്ടയാടുന്നവരും ശാരീരീകഅവശത അനുഭവിക്കുന്നവരുമെല്ലാം സെർവർ പ്രശ്‌നത്തിന്റെ ദുരിതം പേറേണ്ടിവന്നു. തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റിലെ മെയിൻ സെർവറിലെ പ്രശ്‌നമാണ് ദുരിതത്തിലാക്കിയത്. മുൻപും ഇടയ്ക്കിടെ സർവർ തകരാറുകൾ ട്രഷറി ഇടപാടുകൾ തടസ്സപ്പെടുത്താറുണ്ടായിരുന്നു.

ഇത് ട്രഷറി വകുപ്പിന് തന്നെ തലവേദനയായതോടെ പുതിയ സെർവർ സ്ഥാപിച്ചിരുന്നു. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഴയ പ്രശ്‌നം ആവർത്തിക്കുകയായിരുന്നു. എന്നാൽ തടസം എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്നും സെർവറിൽ പുതിയ വർഷത്തെ അപ്‌ഡേഷനുമായി ബന്ധപ്പെട്ടാണ് ഇടപാടുകൾക്ക് തടസ്സം ഉണ്ടായതെന്നുമാണ് നിഗമനം.

പൂജ്യത്തിലും, ഒന്നിലും തുടങ്ങുന്ന പെൻഷൻകാർക്കാണ് തിങ്കളാഴ്ച പെൻഷൻ നൽകുന്നത്. ഇങ്ങനെയുള്ള 160 ഓളം പെൻഷൻകാരാണ് കൊടുങ്ങല്ലൂർ സബ് ട്രഷറിയിൽ നിന്ന് ടോക്കൺ വാങ്ങി കാത്തിരുന്ന് മടങ്ങിയത്.

കൊടുങ്ങല്ലൂർ സബ് ട്രഷറിയിൽ

പെൻഷൻകാരുടെ കലാനുസൃത വർദ്ധനവും മറ്റു ആനുകുല്യങ്ങളും നൽകാൻ തയാറായിട്ടില്ല. ഇതിനിടെ നിലവിലുള്ള പെൻഷൻ പോലും യഥാസമയം നൽകാനാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

- ടി.എം. കുഞ്ഞിമൊയ്തീൻ,​ ജില്ലാ പ്രസിഡന്റ്,​ സർവീസ് പെൻഷനേഴ്‌സ് അസോ.