കൊടുങ്ങല്ലൂർ: കയ്പമംഗലം, നാട്ടിക മണ്ഡലങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കളക്ടർ ഹരിത വി. കുമാർ ഓൺലൈനായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരെ ജനപ്രതിനിധികളുടെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ താലൂക്ക് വികസന സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രശ്‌നം ചർച്ച ചെയ്യാൻ കളക്ടർ യോഗം വിളിച്ചത്.
പൈപ്പ് പൊട്ടി മാസങ്ങളോളം വെള്ളം നഷ്ടപ്പെട്ടാലും അറ്റകുറ്റപ്പണിക്ക് ആളെ കിട്ടുന്നില്ലെന്ന് പറയുന്ന വാട്ടർ അതോറിറ്റി ജനങ്ങളെയും ജനപ്രതിനിധികളെയും പരിഹസിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. കുടിവെള്ളം എത്തിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറരുതെന്ന് കളക്ടർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ഓൺലൈനായി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, സി.സി. മുകുന്ദൻ, പഞ്ചായത്ത് പ്രസിന്റുമാരായ എം.എസ്. മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, കെ.പി. രാജൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭനാ രവി, ചന്ദ്രബാബു, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനിയർ, എ.ഇമാർ തുടങ്ങിയവർ പങ്കെടുത്തു.
യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കുന്നതിനായി വകുപ്പ് മന്ത്രിക്ക് കത്ത് നൽകും. പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്തിന്റെ സഹകരണത്തോടെ ജല അതോറിറ്റി അടിയന്തിരമായി ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കണം. ജല ജീവൻ മിഷൻ പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേർക്കും.
- ഹരിത വി. കുമാർ, കളക്ടർ
ജനപ്രതിനിധികളുടെ വിമർശനം
പൊതുജനത്തിന് കുടിവെള്ളം കൊടുക്കാതെ വെള്ളക്കരം മാത്രം പിരിക്കുന്ന ജല അതോറിറ്റി വെള്ളാന കളിക്കുകയാണെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ കുറ്റപ്പെടുത്തി.
ജലഅതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ ടെക്‌നീഷ്യന്മാരെ നിയമിക്കാത്തതും കരാറുകാരന് ചില ഉദ്യോഗസ്ഥർ ബില്ല് വൈകിക്കുന്നതും പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നുവെന്ന് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ആരോപിച്ചു.
നിരന്തരം യോഗം വിളിച്ചു ചേർത്തിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കുന്നില്ലെന്നും യോഗങ്ങളിൽ എടുക്കുന്ന തീരുമാനം പ്രഹസനമാക്കുകയാണെന്നും പൊതുടാപ്പുകൾക്കായി മാസംതോറും രണ്ടുലക്ഷം രൂപ പഞ്ചായത്തും ഉപഭോക്താക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ജലഅതോറിറ്റിക്കും കുടിവെള്ളത്തിന്റെ പേരിൽ അടച്ചിട്ടും വെള്ളം കിട്ടാത്ത അവസ്ഥയാണെന്ന് എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ആരോപിച്ചു.