കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താം വാർഡായ ആല, ഗോതുരുത്ത് പ്രദേശത്തെ വീട്ടമ്മമാർ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ശാന്തിപുരത്ത് നിന്നും 50 ഓളം സ്ത്രീകൾ അടങ്ങുന്ന പ്രതിഷേധക്കാർ വാർഡ് മെമ്പർ രാജു പടിക്കലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി എത്തിയത്. വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും അനാസ്ഥ അവസാനിപ്പിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് വീട്ടമ്മമാർ ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾ ദിനംപ്രതി 300 രൂപ നിരക്കിൽ വെള്ളം വില കൊടുത്ത് വാങ്ങിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലെ 450 ഓളം വരുന്ന കുടുംബങ്ങളിൽ 400ൽപ്പരം വീട്ടുകാരും ജല അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നിരന്തരം പരാതി ഉന്നയിച്ചിട്ടും പരിഹാര നടപടി ഉണ്ടാകുന്നില്ലെന്ന് വാർഡ് മെമ്പർ രാജു പടിക്കൽ ആരോപിച്ചു.