ഗുരുവായൂർ: കൊമ്പൻ ചെന്താമരാക്ഷന്റെ കൊമ്പുകൾ മുറിച്ചു. ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ കൊമ്പുമുറിയ്ക്കലിന്റെ രണ്ടാം ഘട്ടമായിരുന്നു തിങ്കളാഴ്ച. ഇക്കുറി ആനക്കോട്ടയിലല്ല, തെക്കേ നടയിലെ ശീവേലിപ്പറമ്പിലായിരുന്നു കൊമ്പ് മുറി. തൃശൂർ പെരുമ്പിള്ളിശ്ശേരി ശശിധരന്റെ മകൻ സ്മിതേഷാണ് കൊമ്പ് മുറിക്കാരൻ. കാലങ്ങളായി ആനകളുടെ കൊമ്പുകൾ മുറിച്ചിരുന്ന ശശിധരൻ നാലുവർഷം മുമ്പ് മരിച്ചതോടെ സ്മിതേഷ് അത് ഏറ്റെടുക്കുകയായിരുന്നു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാം, സെക്ഷൻ റേഞ്ച് ഓഫീസർ അനിൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊമ്പുകൾ മുറിച്ചത്. ഗുരുവായൂർ ദേവസ്വം ആന ചികിത്സകൻ ഡോ.ചാരുജിത്തും ഉണ്ടായി.