vacc

തൃശൂർ : കുട്ടികൾക്കുള്ള വാക്‌സിനേഷന് തുടക്കമിട്ട, ആദ്യ ദിനത്തിൽ 5018 പേർക്ക് കൊവാക്‌സിൻ നൽകി. സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിൻ വിതരണത്തിൽ ഇന്നലെ മൂന്നാം സ്ഥാനത്തായിരുന്നു ജില്ല. ഇന്നലെ പുലർച്ചെയാണ് ജില്ലാ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് വാക്‌സിനെത്തിയത്. ഉടനെ നിശ്ചയിച്ച 36 കേന്ദ്രങ്ങളിൽ വാക്‌സിനെത്തിച്ചു. ഇന്നലെ പുലർച്ചെ 42,000 ഡോസ് വാക്‌സിനും വൈകീട്ട് പതിനായിരം ഡോസ് വാക്‌സിനും ലഭിച്ചു. ഇന്ന് 3,000 ഓളം പേർക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ജയന്തി പറഞ്ഞു. ഇന്ന് 79 കേന്ദ്രങ്ങളിലും വാക്‌സിൻ വിതരണം ഉണ്ടാകും. ഓൺലൈൻ രജിസ്‌ട്രേഷന് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. 1.25 ലക്ഷം പേരാണ് ഈ പ്രായപരിധിയിലുള്ളത്. കോർപറേഷൻ തലത്തിൽ പ്രതിരോധ വാക്‌സിൻ 15 വയസ് മുതൽ 18 വയസ് വരെയുള്ളവർക്ക് ഇന്ന് മുതൽ ആരംഭിക്കും. അയ്യന്തോൾ ഫാമിലി ഹെൽത്ത് സെന്ററിൽ രാവിലെ 9.30ന് കോർപറേഷൻ തല ഉദ്ഘാടനം മേയർ എം.കെ. വർഗ്ഗീസ് നിർവഹിക്കും.

188 പേർക്ക് കൊവിഡ്

188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 132 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,042 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,999 ആണ്. 5,45,807 പേരാണ് ആകെ രോഗമുക്തരായത്. 181 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.