 
നാട്ടുകാർ ഇടപെട്ട് അറസ്റ്റ് ചെയ്തു
സംഭവം ഒളിക്കാൻ പൊലീസ് ശ്രമം
തൃശൂർ: മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച്, ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രശാന്ത് (34 ) അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുത്തു.
കാർ ഇടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ ചെമ്പൂത്ര തെക്കത്തുവളപ്പിൽ ലിജിത്ത് (24), ഭാര്യ കാവ്യ (22) എന്നിവരുടെ വലത് കാലൊടിഞ്ഞു. മുട്ടിന് ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നടത്തി.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പീച്ചിക്കടുത്ത് കണ്ണാറയിൽ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു എ.എസ്.ഐയും സുഹൃത്തുക്കളും. പ്രശാന്താണ് കാർ ഓടിച്ചത്. അമിതവേഗത്തിലായിരുന്ന കാർ ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്‌ത്തി. ദമ്പതികൾ വിലങ്ങന്നൂരിലേക്ക് പോവുകയായിരുന്നു.
കാർ നിറുത്താതെ പോയി. മുൻഭാഗം തകരുകയും ടയർ പൊട്ടുകയും ചെയ്തതോടെ ഒരു കിലോമീറ്റർ അകലെ പട്ടിക്കാട് കാർ നിറുത്തി. നാട്ടുകാർ പിന്നാലെയെത്തി ഇവരെ പിടികൂടി. നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് സംഘം പെരുമാറിയത്. അക്രമാസക്തരായ നാട്ടുകാരിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. എൽത്തുരുത്ത് സ്വദേശികളായ ഫ്രാൻസി, ആന്റണി, പ്രവീൺ എന്നിവരാണ് പ്രശാന്തിനൊപ്പം കാറിലുണ്ടായിരുന്നത്. ഒരാൾ ഓടിരക്ഷപ്പെട്ടു. ഇവർക്കെതിരെ കേസില്ല.
കാറിൽ എ.എസ്.ഐയാണെന്ന് മനസിലായതോടെ പൊലീസുകാർ സംഭവം മറച്ചുവയ്‌ക്കാനാണ് ആദ്യം ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല. ഇന്നലെ രാവിലെയാണ് അറസ്റ്റിലായത് എ.എസ്.ഐ ആണെന്ന് വ്യക്തമായത്.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിവിധ സ്‌റ്റേഷനുകളിലേക്ക് ഡെപ്യൂട്ടേഷന്റെ ഭാഗമായി തൃശൂർ എ.ആർ.ക്യാമ്പിൽ എത്തിയതായിരുന്നു പ്രശാന്ത്. എ.എസ്.ഐക്ക് സംരക്ഷണം നൽകാൻ പൊലീസ് ശ്രമിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശാന്തിനെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു.