തൃശൂർ: ജില്ലയിൽ പ്രകൃതിസൗന്ദര്യം കൊണ്ട് ശ്രദ്ധേയമായ പുത്തൂരിൽ രാജ്യാന്തര സുവോളജിക്കൽ പാർക്കിനൊപ്പം കായൽ ടൂറിസത്തിന്റെ വഴികളും തുറക്കുന്നു. പുത്തൂർ കായൽ പുനരുജ്ജീവന പദ്ധതി 'മാനസസരോവരം' വിനോദസഞ്ചാര മേഖലയുടെ ഉയർത്തിപ്പിടിക്കാവുന്നതായി മാറുകയാണ്.
പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് മന്ത്രി കെ. രാജന്റെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ചർച്ച ചെയ്തു. അടുത്തഘട്ടത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കൂടിയാലോചന നടത്തി പദ്ധതിക്ക് അന്തിമരൂപമാകും.
പ്രാദേശിക സാമ്പത്തിക വികസനത്തിൽ ഊന്നിയ സംയോജിത പദ്ധതിയാണിത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള വികസനത്തിലൂടെ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമാക്കി പൂത്തൂരിനെ മാറ്റുകയാണ് ലക്ഷ്യം.
പുത്തൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പരമ്പരാഗത ജലാശയമാണ് പുത്തൂർ കായൽ. കായലിന്റെ കാർഷിക, ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ. ആർ. ജയകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ റിപ്പോർട്ട് തയ്യാറാക്കിയത്.
കായലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിറുത്തി പരിസ്ഥിതി സൗഹൃദ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു ഇക്കോ ടൂറിസ്റ്റ് സ്‌പോട്ടായി മേഖലയെ വികസിപ്പിക്കാനും തണ്ണീർത്തട ജൈവ കാർഷിക സാദ്ധ്യതകൾ കണ്ടെത്തി ചുറ്റുമുള്ള കൃഷിഭൂമി സംരക്ഷിക്കുന്നതെങ്ങനെ എന്നതിനെയും അടിസ്ഥാനമാക്കിയുള്ള പ്രോജക്ടാണ് അവതരിപ്പിച്ചത്. ജില്ലാതല ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വിവരങ്ങളും സ്വീകരിച്ച നടപടികളും അറിയിച്ചിട്ടുണ്ട്.
പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്ന ഇടമായി പുത്തൂർ മാറുമെന്നാണ് മന്ത്രി അടക്കമുള്ള ജനപ്രതിനിധികളുടെ പ്രതീക്ഷ. വിവിധ വകുപ്പുകളിൽ നിന്നുള്ള ഫണ്ട് ഉപയോഗപ്പെടുത്തിയാകും പദ്ധതി യാഥാർഥ്യമാക്കുക. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ഉടൻ ചർച്ച നടത്തും. അതിന് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യേണ്ട പ്രവൃത്തികൾ ഏതെന്ന് തീരുമാനിക്കും.
ഈ വർഷം തന്നെ പുത്തൂർ സുവോളജിക്കൽ പാർക്ക് മൂന്നാം ഘട്ടം പൂർത്തിയാക്കി മൃഗങ്ങളെ കൊണ്ടുവരും. അനുബന്ധ ടൂറിസം സാദ്ധ്യതാ വികസനം എന്ന നിലയിലാണ് പുത്തൂർ കായൽ നവീകരണം പരിഗണക്കേണ്ടത്.
- മന്ത്രി കെ. രാജൻ (പദ്ധതി സംബന്ധിച്ച ചർച്ചയിൽ)