 
തൃശൂർ: കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്ര ദുരന്തനിവാരണ നിധിയിൽ നിന്ന് ധനസഹായമായി സംസ്ഥാനസർക്കാർ വിതരണം ചെയ്തത് 9.74 കോടി. 1958 പേർക്ക് അമ്പതിനായിരം രൂപ വീതമാണ് സഹായം ലഭിച്ചത്. 2,683 പേരാണ് അപേക്ഷിച്ചത്.
ജനുവരി മൂന്ന് വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 5438 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചാൽ ഭാര്യക്കും ഭാര്യ മരിച്ചാൽ ഭർത്താവിനും രണ്ടു പേരും മരിച്ചാൽ മക്കൾക്കുമാണ് തുക ലഭിക്കുക. തിരുവനന്തപുരവും എറണാകുളവും കഴിഞ്ഞാൽ കൂടുതൽ പേർ മരിച്ചത് തൃശൂരാണ്. മൊത്തം രോഗബാധിതരിൽ 0.99 ശതമാനം പേർ ജില്ലയിൽ മരണത്തിന് കീഴടങ്ങി.
ബി.പി.എൽക്കാർക്കുള്ള പ്രത്യേകസഹായം വൈകും.
കേന്ദ്ര ദുരന്തനിവാരണ നിധിയിലേത് രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയാൽ ഉടൻ കൈമാറുമെങ്കിലും സംസ്ഥാന സർക്കാറിന്റെ 36 മാസം 5,000 രൂപ വീതം നൽകുന്ന സഹായം കൃത്യമായ പരിശോധനകൾക്ക് ശേഷമേ നൽകൂ. മരിച്ചവർ ബി.പി.എൽ കുടുംബത്തിലെ മുഖ്യവരുമാന ദായകനോ, ദായികയോ ആയാലേ സഹായം ലഭിക്കൂ. നിലവിൽ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ടവർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പൊതു ധനസഹായം പരമാവധി വിതരണം ചെയ്ത ശേഷമേ ഇതിന്റെ നടപടികളിലേക്ക് കടക്കൂ.
വിതരണം ത്വരിതഗതിയിൽ.
കൊവിഡ് മരണം 5438.
ധനസഹായം 50,000.
അപേക്ഷിച്ചവർ 2,683 പേർ.
വിതരണം ചെയ്തത് 1958 പേർക്ക്.
തുക 9.74 കോടി.
രേഖകൾ കൃത്യമെങ്കിൽ വേഗം !
ലാൻഡ് റവന്യു കമ്മിഷണറേറ്റ് തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചാൽ വില്ലേജ് ഓഫീസിലാണെത്തുക. വില്ലേജ് ഓഫീസർ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയയ്ക്കും. കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം പരിശോധിച്ച് ഫിനാൻസ് ഓഫീസറുടെ അനുമതിയോടെ കളക്ടർക്ക് നൽകും. കളക്ടർ അനുമതി നൽകുന്നതോടെ അക്കൗണ്ട്‌സ് വിഭാഗത്തിൽ നിന്ന് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും.
അപേക്ഷിക്കേണ്ട വിധം.
ഇ ഹെൽത്ത് കൊവിഡ് 19ലെ ഡെത്ത് ഇൻഫോ പോർട്ടലിലാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്.
ആദ്യം https://covid19.kerala.gov.in/deathinfo പ്രവേശിച്ച് മരിച്ചവരുടെ പേര് ലിസ്റ്റിൽ ഉണ്ടോയെന്ന് പരിശോധിക്കുക.
അല്ലെങ്കിൽ അപ്പീൽ റിക്വസ്റ്റിൽ ലഭിക്കുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക.
ലഭിക്കുന്ന ഒ.ടി.പി നമ്പർ ടൈപ്പ് ചെയ്ത് വേരിഫൈ ചെയ്യുക.
തുടർന്ന് ലഭിക്കുന്ന പേജിൽ മരണ രജിസ്‌ട്രേഷൻ കീ നമ്പർ നൽകി മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ്‌ലോഡ് ചെയ്യുക.
ഈ അപേക്ഷ മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്ക് കൈമാറും.
പരിശോധിച്ച് ജില്ലാ കൊവിഡ് മരണ നിർണയ സമിതിയുടെ അംഗീകാരത്തോടെ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും