uparodhamശ്രീനാരായണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിൽ നാട്ടുകാർ നടത്തിയ സമരത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയർ അമ്മുക്കുട്ടി സമരക്കാരുമായി സംസാരിക്കുന്നു.

നാട്ടുകാർ മതിലകം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മതിലകം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. കോതപറമ്പ് സെന്ററിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ഓഫീസ് ഉപരോധിച്ചത്.


നിരവധി തവണ പരാതിപ്പെട്ടിട്ടും വെള്ളം ലഭിക്കാൻ വേണ്ട നടപടികളൊന്നും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. സ്ത്രീകളുൾപ്പടെയുള്ള അമ്പതോളം പേരാണ് പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫീസിലെത്തിയത്. നാട്ടിക എക്‌സിക്യൂട്ടീവ് എൻജിനിയർ അമ്മുക്കുട്ടി സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയും രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതുവരെ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാമെന്ന ധാരണയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാരായ ഷെഫീർ, നിമിഷ, സജയ കുമാർ, വിജി എന്നിവർ സമരത്തിന് നേതൃത്വം നൽകി. മതിലകം എസ്.ഐ വി.വി. വിമൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു.

കുടിവെള്ളത്തിനായി ഇനിയും എത്രനാൾ..?

എട്ട് മാസത്തോളമായി മേഖലയിൽ വെള്ളമെത്തിയിട്ട്. പ്രദേശത്തെ കിണറുകളിൽ ഉപ്പ് കലർന്ന വെള്ളമായതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. അറന്നൂറ് രൂപ നൽകിയാണ് മിക്ക കുടുംബങ്ങളും മറ്റു പ്രദേശങ്ങളിൽ നിന്നും വെള്ളമെത്തിക്കുന്നത്. കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് സമരക്കാർ പറയുന്നു.