 
ചാവക്കാട്: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും കലാം വേൾഡ് റെക്കാഡിലും ഇടം നേടി, മുതിർന്നവർ പറഞ്ഞ് കൊടുക്കാതെ തന്നെ പ്രമുഖരുടെയും സസ്യ, ജന്തുജാലങ്ങളുടെയും ചിത്രം കണ്ട് അവയുടെ പേരുകൾ പറയുന്ന രണ്ടേകാൽ വയസുകാരൻ ദ്രുപദ്. ജീവിതത്തിൽ ഇന്നേവരെ പരിചയിച്ചിട്ടില്ലാത്ത അബ്ദുൾ കലാം, മഹാത്മാഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നീ പ്രമുഖരുടെയും മറ്റ് ജന്തുജാലങ്ങളുടെയും ചിത്രങ്ങൾ കാട്ടി കൊടുക്കുമ്പോൾതന്നെ നിമിഷ നേരത്തിനുള്ളിൽ അവയുടെ പേര് പറയുകയാണ് ഈ പിഞ്ചുകുഞ്ഞ്. ചാവക്കാട് തിരുവത്ര വടക്കൻ വീട്ടിൽ വിനീഷ്-സന്ധ്യരാജ് ദമ്പതികളുടെ മകൻ ദ്രുപദാണ് അസാമാന്യമായ ഈ സവിശേഷതയാൽ ഈ ചെറുപ്രായത്തിൽ തന്നെ രണ്ട് റെക്കാഡുകൾ വാരിക്കൂട്ടുന്നത്. അടുത്തതായി ഏഷ്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടുന്നതിന് ഈ കൊച്ചു മിടുക്കനെ പ്രാപ്തനാക്കാനുള്ള പരിശ്രമത്തിലാണ് ദ്രുപദിന്റെ കുടുംബം.
ദ്രുപദ് ഒന്നര വയസിൽ തന്നെ ഓരോ വസ്തുക്കളുടെയും പേരുകൾ സ്വമേധയ പറഞ്ഞ് തുടങ്ങിയിരുന്നു. പ്രത്യേകമായ ഈ സവിശേഷത കണ്ടാണ് റക്കാഡിനായി പരിശ്രമിച്ചത്.
-സന്ധ്യരാജ് (ദ്രുപദിന്റെ അമ്മ).