ചാലക്കുടി: നഗരസഭയുടെ കലാഭവൻ മണി സ്മാരക പാർക്കിന്റെ കവാടത്തിൽ ദേശീയ പതാകയെ അവഹേളിക്കുംവിധം നടത്തിയ പെയിന്റിംഗ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരും എൽ.ഡി.എഫും പ്രക്ഷോഭം ആരംഭിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിൽ പ്രതിപക്ഷ കൗൺസിൽമാർ കുത്തിയിരിപ്പ് സമരം നടത്തി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്, ബിജി സദാനന്ദൻ, വി.ജെ. ജോജി തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ കവാടത്തിൽ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ ധർണ സി.പി.എം ജില്ലാ കമ്മറ്റിയംഗം പി.കെ. ഗിരിജാ വല്ലഭൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ ടി.പി. ജോണി അദ്ധ്യക്ഷനായി. സി.പി.ഐ ചാലക്കുടി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി അനിൽ കദളിക്കാടൻ, മുൻ ചെയർമാൻ ജയന്തി പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.