ചാലക്കുടി: കൂടപ്പുഴയിലെ തടയണയുടെ നവീകരണം വൈകുന്നു. ഇത് മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം സൃഷ്ടിക്കുമെന്ന് ആശങ്ക ശക്തമായി. ഇതോടൊപ്പം പ്രമാദമായ ആറാട്ടുകടവിൽ അപകടങ്ങൾ സംഭവിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രളയത്തിൽ തകർന്ന തടയണയുടെ നവീകരണം മുടന്തിയാണ് നടക്കുന്നത്. കഴിഞ്ഞ അതിവർഷത്തിൽ നിറുത്തിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പുനഃരാരംഭിച്ചിട്ടുമില്ല. മുപ്പത് ശതമാനം പണിയാണ് ഇതുവരെ നടന്നത്. എത്രയും വേഗം നിർമ്മാണം പുനഃരാരംഭിച്ചില്ലെങ്കിൽ ഈ വേനനിലും നവീകരണം ലക്ഷ്യം കാണാനിടയില്ല. ഏറെ താഴ്ന്ന പുഴയിലെ ജലനിരപ്പ് ഉയർത്തുന്നതിന് തടയണയിൽ താത്ക്കാലിക ഷട്ടറുകൾ ഇട്ടെങ്കിലും ഇത്തവണ കാര്യമായി ഗുണമുണ്ടാനിടയില്ല. ഇതുവരെ നടന്ന അറ്റകുറ്റപ്പണികളുടെ കമ്പികളും മറ്റും വെള്ളത്തിനടിയിൽ ഉയർന്ന് നിൽക്കുന്നുണ്ട്. കുളിക്കാനെത്തുന്നവർക്ക് ഇത് വലിയ ഭീഷണിയുമാണ്. കഴിഞ്ഞ വർഷത്തിലെ അമിത മഴയാണ് തടണയുടെ പുനഃർനിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചത്. കാലം തെറ്റിയ കാലവർഷം നിർമ്മാണ സാമഗ്രികളെ ഒഴുക്കിക്കൊണ്ട് പോകുമ്പോൾ കരാറുകാരന് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് രൂപ. ഇതോടെ ഇട്ടെറിഞ്ഞ് പോയ ഇയാൾ വീണ്ടും പ്രവൃത്തികൾ ഏറ്റെടുക്കുമോ എന്ന കാര്യം തൃശങ്കുവിലാണ്. പുതിയ കാരാറുകാരനെ ഏൽപ്പിക്കുന്നതിന് സാങ്കേതിക തടസമവുണ്ട്. എത്രയും വേഗം പ്രശ്ലം പരിഹരിക്കുമെന്നാണ് മൈനർ ഇറിഗേഷൻ അധികൃതർ പറയുന്നത്.