1

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരുദ്ര മഹായജ്ഞത്തിന്റെ ചടങ്ങുകൾ അമേരിക്കയിൽ ഇരുന്ന് ഓൺ ലൈനിൽ ദർശിച്ച് ഗാനഗന്ധർവ്വൻ ഡോ: കെ.ജെ യേശുദാസ്. സിനിമാ പ്രവർത്തകൻ സേതു ഇയ്യാലാണ് അതിരുദ്രം കാണാനായി ഓൺലൈൻ സംവിധാനം ഒരുക്കിയത്. ഉത്രാടം നാളുകാരനായ ഗാനഗന്ധർവ്വന്റെ പേരിൽ ഉത്രാടം നാളായ ഇന്നലെ അതിരുദ്ര മഹായജ്ഞത്തിന് പ്രത്യേക വഴിപാടുകൾ നടത്തി. അതിരുദ്രമഹായജ്ഞത്തിന്റെ ഒമ്പതാം ദിവസമായ ഇന്നലെ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ഭഗവാന് കലശം അഭിഷേകം ചെയ്തു. ഒമ്പത് ദിവസം പിന്നിട്ടപ്പോൾ 1089 കലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്തു കഴിഞ്ഞു. അതിരുദ്രത്തോടനുബന്ധിച്ച് ക്ഷേത്രത്തിനകത്ത് നടക്കുന്ന ഭഗവതി സേവയ്ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനായി. സാംസ്‌കാരിക മണ്ഡപത്തിൽ രാവിലെ ശരത്ത് എ. ഹരിദാസിന്റെ ഭക്തി പ്രഭാഷണം , മണലൂർ ഗോപിനാഥന്റെ ശീതങ്കൻ തുള്ളൽ, വൈകീട്ട് കർണ്ണാടയുടെ തനതു കലാരൂപമായ യക്ഷഗാനം, ലാൽ ഗുഡി ജി.ജെ.ആർ കൃഷ്ണനും, വിജി കൃഷ്ണനും ചെന്നൈ അവതരിപ്പിച്ച വയലിൽ ഡ്യൂയറ്റ് എന്നിവയും അരങ്ങേറി.